താമരശേരി: യുവാവ് പെട്രോളിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ പരേതനായ തോമസിന്റെ മകന് സാജു എന്ന പി.ടി. കുരുവിള (53) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലിനാണ് യുവാവ് ധനകാര്യ സ്ഥാപനത്തിൽ കടന്ന് കുരുവിളയുടെമേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുരുവിള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം.
ചുവപ്പ് ഷര്‍ട്ടിട്ട മെലിഞ്ഞ ഒരാൾ ധനകാര്യസ്ഥാപനത്തിലെത്തി കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കുരുവിള ഇരുന്ന ഗ്ലാസ് ക്യാബിനു പുറത്തിറങ്ങിയാണ് തീ കൊളുത്തിയത്.
ശരീരത്തില്‍ തീ പടര്‍ന്ന കുരുവിള ക്യാബിന് പുറത്തേക്ക് ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. കടകളുടെ ഷീറ്റില്‍ തട്ടി താഴെ മഴവെള്ളത്തിലേക്ക് വീണ അദ്ദേഹത്തിന്റെ ശരീരത്തിലെ തീ ഓടിക്കൂടിയ നാട്ടുകാര്‍ അണയ്ക്കുകയായിരുന്നു.
ബഹളത്തിനിടെ അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി ഓടിപ്പോയി. ഒരു കുപ്പി പെട്രോളും ഒരു ഹെല്‍മറ്റും ബൈക്കിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ കുരുവിളയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. മിനിമോള്‍ ആണ് കുരുവിളയുടെ ഭാര്യ. ഏക മകന് ഗിഫ്റ്റ് സണ്‍. അമ്മ ഏലിയാമ്മ. സംസ്കാരം നാളെ 11.30ന്.
അക്രമി തീകൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു
12:10 AM Jul 15, 2018 | Deepika.com