തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 65-ാം ഓർമപ്പെരുന്നാൾ ആഘോഷങ്ങൾ നാളെ സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ചു വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു തീർഥാടകർ ഇന്നു വൈകുന്നേരത്തോടെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിൽ എത്തിച്ചേരും.
റാന്നി പെരുന്നാട്ടിൽ നിന്ന് ആരംഭിച്ച പ്രധാന പദയാത്രാ സംഘവും ജന്മഗൃഹമായ മാവേലിക്കരയിൽനിന്നും തിരുവല്ല, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമുള്ള പദയാത്രികരും ഇന്നു രാവിലെ പിരപ്പൻകോട് പ്രധാന പദയാത്രയോടു ചേരും. ഇതോടൊപ്പം ഗുഡ്ഗാവ്, പൂന ഭദ്രാസനങ്ങളിൽ നിന്നുള്ള തീർഥാടകരും മാർത്താണ്ഡം, പാറശാല രൂപത കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച പദയാത്രകളുമാണ് ഇന്നു വൈകുന്നേരം കബറിടത്തിൽ എത്തിച്ചേരുന്നത്.
തീർഥാടകർ കബറിടത്തിൽ എത്തിച്ചേർന്നാൽ ഉടൻ സന്ധ്യാ പ്രാർഥന ആരംഭിക്കും. തുടർന്നു സഭാതല സുവിശേഷ സംഘാംഗങ്ങളുടെ കൈവയ്പ് ശുശ്രൂഷ നടക്കും. 6.30ന് ആയിരങ്ങൾ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം പള്ളിയിൽ നിന്നുമാരംഭിച്ച് ജോണ് പോൾ രണ്ടാമൻ കവാടം വഴി കാതോലിക്കേറ്റ് സെന്റർ, സെന്റ് മേരീസ് സ്കൂൾ ഗേറ്റ് വഴി മെയിൻ റോഡിൽ ഇറങ്ങി കത്തീഡ്രൽ ഗേറ്റുവഴി കബറിന്റെ മുന്നിലെത്തിച്ചേരും. തുടർന്നു കത്തീഡ്രൽ ബാൽക്കണിയിൽ നിന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും തീർഥാടകർക്കു ശ്ലൈഹിക ആശീർവാദം നൽകും. ഓർമപ്പെരുന്നാളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ജർമനിയിലെ കൊളോണ് ആർച്ച് ബിഷപ് കർദിനാൾ റയ്നർ മരിയ വോൾക്കി ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകുന്നേരം നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും ശ്ലൈഹിക ആശീർവാദത്തിലും നാളെ നടക്കുന്ന ഓർമപ്പെരുന്നാൾ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
നാളെ രാവിലെ എട്ടിന് കർദിനാൾ വോൾക്കിക്ക് സെന്റ് മേരീസ് കത്തീഡ്രൽ ഗേറ്റിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗികമായ വരവേൽപ്പ് നൽകും. തുടർന്നു കബറിടത്തിൽ നിന്നു പ്രധാന മദ്ബഹായിലേക്ക് പ്രദക്ഷിണം ആരംഭിക്കും. 8.30ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ആരംഭിക്കും. കർദിനാൾ റെയ്നർ മരിയ വോൾക്കി വചന സന്ദേശം നൽകും. സഭയിലെ മെത്രാപ്പോലീത്തമാരും അഞ്ഞൂറോളം വൈദികരും സഹകാർമികരായിരിക്കും.
കുർബാനയ്ക്കുശേഷം പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ദൈവദാസൻ മാർ ഈവാനിയോസിനെക്കുറിച്ച് ഗാനമാലപിക്കും. തുടർന്നു കബറിടത്തിൽ ധൂപ പ്രാർഥനയും നേർച്ചയും നടക്കും.
ഇന്നു വൈകുന്നേരം എത്തിച്ചേരുന്ന തീർഥാടകർക്ക് സെന്റ് മേരീസ് സ്കൂളിലും മാർ ഈവാനിയോസ് വിദ്യാ നഗറിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാൾ നാളെ
01:43 AM Jul 13, 2018 | Deepika.com