കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു കുറ്റം ആരോപിക്കപ്പെട്ട നടൻ ദിലീപ് താരസംഘടനയായ അമ്മയ്ക്കു പുറത്തുതന്നെയാണെന്നു പ്രസിഡന്റ് മോഹൻലാൽ. ദിലീപിനെ പുറത്താക്കിയ അവയിലബിൾ എക്സിക്യൂട്ടീവിന്റെ തീരുമാനം സംഘടനാപരമായി നിലനിൽക്കുന്നതല്ല. എങ്കിലും ഇപ്പോൾ തിരികെ വരാനില്ലെന്നു ദിലീപ് രേഖാമൂലം അറിയിച്ചിട്ടുള്ളതിനാൽ അദ്ദേഹമിപ്പോൾ സംഘടനയിൽ അംഗമല്ലെന്നു മോഹൻലാൽ പറഞ്ഞു.
നിരപരാധിത്വം തെളിയിച്ചു തിരികെ വന്നാൽ ദിലീപിനെ സ്വീകരിക്കും. ഇരയ്ക്കൊപ്പമാണ് എന്നും തങ്ങൾ നിലകൊണ്ടിട്ടുള്ളതെന്നും ഇരയും ദിലീപും "അമ്മ' അംഗങ്ങളാണെന്നും മോഹൻലാൽ പറഞ്ഞു. ദിലീപ് അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനമെടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. സിനിമാ മേഖലയിലെ മറ്റ് സംഘടനകൾ ദിലീപിനെ പുറത്താക്കിയപ്പോൾ അത്തരമൊരു തീരുമാനമെടുക്കാൻ അമ്മയും നിർബന്ധിതമായി. അല്ലെങ്കിൽ "അമ്മ' പിളരുമെന്ന ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങൾ.
സംഘടനാതത്വങ്ങൾ പാലിക്കപ്പെടാതെയുള്ള തീരുമാനമായതിനാൽ നിയമപരമായി നീങ്ങിയാൽ സംഘടന പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് വിഷയം ജനറൽ ബോഡിയിലെ അജൻഡയിൽ ഉൾപ്പെടുത്തിയത്.
ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു മുന്നോടിയായി മറ്റെന്തെങ്കിലും വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ടോയെന്ന് ആരാഞ്ഞപ്പോൾ ഊർമിള ഉണ്ണിയാണ് ദിലീപിന്റെ വിഷയം ഉന്നയിച്ചത്. ഇതുസംബന്ധിച്ച മുഴുവൻ കാര്യങ്ങളും വിശദീകരിച്ചശേഷം ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാനുള്ള തീരുമാനത്തിലെത്തി. അന്നു യോഗത്തിലുണ്ടായിരുന്ന ഒരാൾ പോലും അതിനെ എതിർത്തില്ല.
യോഗത്തിനുശേഷം നാലംഗങ്ങൾ രാജിവച്ചു എന്നു പറയുന്നെങ്കിലും രണ്ടുപേർ മാത്രമേ രാജിക്കത്ത് നൽകിയിട്ടുള്ളു. ഇവർ തിരികെ വന്നാൽ സ്വീകരിക്കണമോ എന്നു തീരുമാനിക്കേണ്ടത് ജനറൽബോഡിയാണ്. ആക്രമിക്കപ്പെട്ട നടിക്ക് "അമ്മ' യുടെ ഭാഗത്തുനിന്നു പറ്റുന്ന സഹായമെല്ലാം ചെയ്തു. എപ്പോഴും എന്ത് സഹായത്തിനും ഞങ്ങൾ തയാറാണ്. അവസരങ്ങൾ തകർക്കുന്നു എന്ന തരത്തിലുള്ള ഒരു പരാതിയും ഈ നടിയിൽനിന്നു രേഖാമൂലം കിട്ടിയിട്ടില്ല.
'അമ്മ'യിൽ പുരുഷമേധാവിത്വം ഉണ്ടെന്നൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണ്. സ്ത്രീകൾക്കു ധൈര്യമായി വന്നു സംസാരിക്കാൻ പറ്റും. 484 അംഗങ്ങ ളിൽ 236 ഉം സ്ത്രീകളാണ്. എക്സിക്യൂട്ടീവിൽ കൂടുതൽ സ്ത്രീപ്രാതിനിധ്യം നല്കാൻ ബൈലോയിൽ മാറ്റം വരുത്തുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നു മോഹൻലാൽ പറഞ്ഞു.
ദിലീപ് "അമ്മ’യിലില്ലെന്നു മോഹൻലാൽ
01:38 AM Jul 10, 2018 | Deepika.com