മലപ്പുറം: യുഡിഎഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ബിജെപി മുതലെടുക്കുമെന്നതിനാൽ കേരള കോണ്‍ഗ്രസിനെ മുന്നണിയിൽ തിരിച്ചെത്തിക്കേണ്ടത് നിർണായകമായിരുന്നുവെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗം വിലയിരുത്തി.
മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് കെ.എം. മാണിയുടെ കാര്യത്തിൽ ലീഗും സ്വീകരിച്ചതെന്ന് പ്രവർത്തക സമിതി അംഗങ്ങൾ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
വി.കെ. ഇബ്രാഹിംകുഞ്ഞ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മയും താഴേത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുണ്ടായ വീഴ്ചയും റിപ്പോർട്ടിൽ പറയുന്നുണ്ട്. 25 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ പ്രവർത്തകസമിതി തീരുമാനം അവതരിപ്പിക്കും.
എസ്എസ്എൽസി വിജയിച്ച മലബാറിലെ വിദ്യാർഥികൾക്ക് ഉപരിപഠന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. പലജില്ലകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോൾ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആവശ്യമായ സീറ്റില്ല- അദ്ദേഹം പറഞ്ഞു.
നടപ്പായത് കോണ്‍ഗ്രസ് ദേശീയ നിലപാട്: കുഞ്ഞാലിക്കുട്ടി
01:01 AM Jun 24, 2018 | Deepika.com