തിരുവനന്തപുരം. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെക്കുറിച്ച് ഒരു സംഗീത ആൽബം തയാറാക്കണമെന്ന ആഗ്രഹം മാർ ക്ലീമിസ് ബാവയുടെ മനസിൽ ഉദിച്ചിട്ട് നാളുകളേറെയായി. സ്വപ്നം യാഥാർഥ്യമാക്കാൻ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രനും ഗാനരചനയ്ക്കായി വയലാർ ശരത്ചന്ദ്ര വർമയും പാട്ടുകൾ പാടാൻ കെ.എസ്. ചിത്രയും ഒരുമിച്ച് എത്തിയപ്പോൾ പദ്ധതിക്കു വേഗമേറി. ‘മനസിൻ മഹസേ ഈവാനിയോസേ’സിഡിയിലെ ആദ്യഗാനം മാർ ക്ലീമിസ് ബാവ തന്നെ രചിച്ചു.
തന്റെ ജീവിതത്തിൽ ഇതാദ്യമായി രചിക്കുന്ന ഗാനമാണ് എം. ജയചന്ദ്രൻ സംഗീതം നൽകി കെ.എസ്. ചിത്ര പാടി ഗിരിദീപം എന്ന മാർ ഈവാനിയോസ് പ്രാർഥനാ ഗാനങ്ങളിൽ ചേർത്തിരിക്കുന്നത്.
എട്ടു ഗാനങ്ങൾ ഉള്ള ഈ ആൽബത്തിലെ എല്ലാ ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. കെ.എസ്. ചിത്രയ്ക്ക് പുറമേ വിജയ് യേശുദാസ് , വിധു പ്രതാപ്, മധു ബാലകൃഷ്ണൻ, ശ്രേയ ജയദീപ്, സുധീപ് കുമാർ എന്നിവരാണ് പാടിയിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയും ഫാ. മൈക്കിൾ പനച്ചിക്കലും ഫാ. വിൽസണ് തട്ടാരതുണ്ടിലും ഷൈല തോമസും ക്ലീമിസ് ബാവയ്ക്കു പുറമേ ഗാനങ്ങൾ രചിച്ചിരിക്കുന്നു.
മാർ ഈവാനിയോസ് കോളജ് പൂർവവിദ്യാർഥി കൂടിയായ എം. ജയചന്ദ്രൻ പ്രതിഫലം വാങ്ങാതെയാണ് ആൽബം തയാറാക്കിയിരിക്കുന്നത്.
മാർ ഈവാനിയോസിലെ പൂർവ വിദ്യാർഥികളായ വയലാർ ശരത്ചന്ദ്രവർമയും വിധു പ്രതാപും ടീമിൽ ഒത്തുവന്നതു കൗതുകമായി.
ആൽബത്തിലെ റിക്കാർഡിംഗും ചിത്രീകരണവും ചെന്നൈയിൽ പൂർത്തിയായി. മാർ ക്ലീമിസ് ബാവ ചെന്നൈ സ്റ്റുഡിയോയിലെത്തി റിക്കാർഡിംഗിൽ പങ്കെടുത്തിരുന്നു.
ജൂലൈ ഒന്നു മുതൽ നടക്കുന്ന മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിന് മുന്നോടിയായി ഇന്നു വൈകുന്നേരം ആറിനു പട്ടം സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഗീത ആൽബത്തിന്റെ പ്രകാശനവും എം. ജയചന്ദ്രനും കെ.എസ്. ചിത്രയും ആൽബത്തിലെ മറ്റ് ഗായകരും പങ്കെടുക്കുന്ന സംഗീതനിശയും നടക്കും.
മാർ ക്ലീമിസ് ബാവയുടെ ഗാനത്തിന് ജയചന്ദ്രന്റെ ഈണവും ചിത്രയുടെ സ്വരവും
12:32 AM Jun 24, 2018 | Deepika.com