തിരുവനന്തപുരം: നെൽവയൽ, തണ്ണീർത്തട നിയമം കർശനമായി നടപ്പാക്കുമെന്നു തെരഞ്ഞെടുപ്പു പ്രകടപത്രികയിൽ എഴുതി വച്ച് അധികാരത്തിലേറിയ ഇടതു സർക്കാർ പുതിയ നിയമ ഭേദഗതികളിലൂടെ 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ചരമക്കുറിപ്പ് എഴുതുകയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ.
മുപ്പതു വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീർത്തടങ്ങളും നെൽവയലുകളും ഭൂരാജാക്കന്മാർക്കും റിയൽഎസ്റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് അണിയറയിൽ ഒരുങ്ങുന്നത്. മൃഗീയഭൂരിപക്ഷം ഉപയോഗിച്ചു നിയമസഭയിൽ ഭേദഗതി പാസാക്കിയാൽ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്നു ഹസൻ മുന്നറിയിപ്പു നല്കി.
നിലവിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷകസമിതിയുടെ റിപ്പോർട്ട് പ്രകാരം മാത്രം നികത്തലിന് അനുമതി ലഭിക്കുമായിരുന്നതു മാറ്റി സർക്കാരിന് ഏതെങ്കിലും ഒരു സമിതിയുടെ റിപ്പോർട്ട് മതി എന്നു ഭേദഗതി ചെയ്യുകയാണ്. നെൽവയലുകളും തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ആർഡിഒമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥയും ദോഷകരമാണെന്ന് ഹസൻ പറഞ്ഞു.
നെൽവയൽ, തണ്ണീർത്തടം: അതിശക്തമായ സമരം ഉണ്ടാകുമെന്നു ഹസൻ
12:20 AM Jun 24, 2018 | Deepika.com