കട്ടപ്പന: ലോകപ്രശസ്ത സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റിന്റെയും ഇന്റലിന്റെയും ഡെൽ കന്പനിയുടെയും നേതൃത്വത്തിൽ നടത്തിയ ഡെൽ കാന്പസ് അംബാസിഡർ 2017-2018 അന്തർദേശീയ മത്സരത്തിൽ ബ്ലസിൻ ജോർജ് വർഗീസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.
പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിയും സ്കൂൾ ലീഡറുമായിരുന്ന ബ്ലസിൻ ജോർജ് വർഗീസിന് കാർമൽ സ്കൂളിൽ അധ്യാപകരും വിദ്യാർഥികളുംചേർന്ന് സ്വീകരണംനൽകി. ഒരുവർഷം നീണ്ടുനിന്ന മത്സരത്തിൽ 45-ഓളം രാജ്യങ്ങളിൽനിന്നുള്ള നാലായിരത്തിലധികം മത്സരാർഥികളെ പിൻതള്ളിയാണ് ബ്ലസിൻ ഈ നേട്ടം കൈവരിച്ചത്.
നിലവിൽ എസ്ആർഎം യൂണിവഴ്സിറ്റിയിൽ ബിടെക് കന്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ബ്ലെസിൻ കംപ്യൂട്ടർ നെറ്റ്വർക്കിൽ റിസേർച്ച് നടത്തുവാൻ അർഹതനേടി. എൽകെജി മുതൽ പ്ലസ്ടു വരെ കാർമലിൽ പഠിച്ച ബ്ലസിൻ വിവിധ ദേശീയ, സംസ്ഥാന ടെക്നിക്കൽ മത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും സ്കൂളിനെ പ്രതിനിധാനം ചെയ്യുകയും സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാംസ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. ദേശീയ പ്രോഡക്ട് ഡിസൈൻ മത്സരത്തിൽ ബ്ലസിന്റെ ആൻഡ്രോയിഡ് ഇലക്ട്രിസിറ്റി മീറ്റർ ഒന്നാംസ്ഥാനം നേടിയിരുന്നു.
കട്ടപ്പനയിലെ എഎസ്ഐ വർഗീസ് ജോസഫിന്റെയും ബിൻസിയുടെയും മൂത്തമകനാണ്. കാർമൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ബെൻ ജോസ് വർഗീസ്, അഞ്ചാം ക്ലാസ് വിദ്യാർഥി എയ്മി ആൻ വർഗീസ് എന്നിവർ സഹോദരങ്ങളാണ്.
ബ്ലസിൻ ജോർജ് വർഗീസ് ഡെൽ കാന്പസ് അംബാസഡർ
01:14 AM Jun 23, 2018 | Deepika.com