പാലാ: കെഎസ്ആർടിസി പാലാ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ കൊഴുവനാൽ പീടികയിൽ മാത്യു ജോസഫ് (സാബു-53) ബൈക്കപകടത്തിൽ മരിച്ചു. ജോലികഴിഞ്ഞു പാലായിൽനിന്നു വീട്ടിലേക്കു പോകവേ ഇന്നലെ രാത്രി 8.45-ഓടെയാണ് അപകടം. വീടിനു ഒരുകിലോമീറ്റർ അകലെ കൊഴുവനാലിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുകയായിരുന്നു മാത്യു.
കെഎസ്ആർടിസി ജീവനക്കാരും സുഹൃത്തുമായ മറ്റക്കര സ്വദേശി കെ.ഷാജിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇടവഴിയിൽനിന്നു കയറിവന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിയുകയും മാത്യു ജോസഫ് എതിരേ വന്ന തടിലോറിയുടെ അടിയിൽ പെടുകയുമായിരുന്നു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് ലോറിക്കടിയിൽപ്പെട്ട മാത്യുവിനെ പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ബൈക്ക് ഓടിച്ചിരുന്ന ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിയാണ് മാത്യു ജോസഫിന്റെ ഭാര്യ. മക്കൾ: നീനു, നീതു.
കെഎസ്ആർടിസി ഇൻസ്പെക്ടർ ബൈക്കപകടത്തിൽ മരിച്ചു
02:49 AM Jun 22, 2018 | Deepika.com