തിരുവനന്തപുരം: വേമ്പനാട് കായലിന്റെ വൈവിധ്യമാർന്ന ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനായി വേമ്പനാട് തണ്ണീർത്തട സംരക്ഷണ അഥോറിറ്റി രൂപീകരിക്കണമെന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതി സർക്കാരിനോടു ശിപാർശ ചെയ്തു. ജലാശയങ്ങളുടെ സംരക്ഷണാവകാശം സംബന്ധിച്ച് നിലവിൽ നിർദേശങ്ങളോ വ്യവസ്ഥകളോ ഇല്ലാത്തത് ജലാശയങ്ങളുടെ സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുള്ള എല്ലാ ജലാശയങ്ങളേയും സംരക്ഷിക്കുന്നതിനായുള്ള നിയമനിർമാണം നടത്തണമെന്നും വെറ്റ് ലാൻഡ് അഥോറിറ്റിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ നിയമങ്ങൾ അടിയന്തരമായി ഉണ്ടാക്കണമെന്നും സമിതി ശിപാർശ ചെയ്തു.
വേമ്പനാട് കായലിനൊപ്പം അതിലേക്കു പതിക്കുന്ന നദികളും മാലിന്യമുക്തമാക്കുകയും അവയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണം. കായലിന്റെ പരിസര പ്രദേശങ്ങളിൽ കൈയേറ്റം വ്യാപകമാകുന്ന സാഹചര്യത്തിൽ അടിയന്തര സ്ഥലസർവേ നടത്തി നഷ്ടപ്പെട്ട ഭൂമി തിരികെ പിടിക്കണം. ഇവിടെ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ച് ജൈവവേലി നിർമിക്കുകയും തുടർന്നുള്ള കൈയേറ്റം തടയുന്നതിനായി കർശന നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
വേമ്പനാട് തണ്ണീർത്തട സംരക്ഷണ അഥോറിറ്റി രൂപീകരിക്കണം: നിയമസഭാ സമിതി
02:19 AM Jun 22, 2018 | Deepika.com