തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉൾപ്പെടെ ബിരുദ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകുന്നതു സംബന്ധിച്ചുള്ള ദീപിക വാർത്ത നിയമസഭയിൽ. പി.ടി. തോമസ് എംഎൽഎയാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. സർവകലാശാലകളുടെ നിയമ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് ഈ പ്രശ്നം ഉന്നയിക്കപ്പെട്ടത്.
എം.ജി, കാലിക്കട്ട് സർവകലാശാലകൾ ബിരുദഫല പ്രഖ്യാപനം നടത്തിക്കഴിഞ്ഞതായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എംജി സർവകലാശാലയിൽ പരീക്ഷ കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിഞ്ഞു. കാലിക്കട്ടിന്റെയും ഫലം വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സർവകലാശാല ബിരുദഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന്
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ. ഈ ആഴ്ചതന്നെ ഫലപ്രഖ്യാപനം നടത്താനുള്ള നീക്കമാണ് നടത്തുന്നതെന്നു സർവകലാശാല അധികൃതർ അറിയിച്ചു. അഞ്ചാം സെമസ്റ്റർ വരെയുള്ള പരീക്ഷയുടെ ഫലപ്രഖ്യാപനമാണ് കേരള സർവകലാശാല നടത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനു ബിരുദ പരീക്ഷാഫലം കാത്തിരിക്കയാണ് വിദ്യാർഥികൾ. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സർവകലാശാല നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസം ഒഴികെയുള്ള ബിരുദ കോഴ്സുകളുടെ ഫലം ഈ മാസം ആദ്യആഴ്ച പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ഈ വർഷം ഏറ്റവും ആദ്യം ഫലപ്രഖ്യാപനം നടത്തിയത് എംജി സർവകലാശാലയായിരുന്നു.
സർവകലാശാലകൾ 30 നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും കൃത്യമായി നടത്തുന്നതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഈ മാസം 30 നുള്ളിൽ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. സർവകലാശാലാ വൈസ് ചാൻസലർമാരുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം.
പരീക്ഷാഫലം വൈകൽ: ദീപിക വാർത്ത നിയമസഭയിൽ
02:06 AM Jun 20, 2018 | Deepika.com