കൊച്ചി: ഹൈക്കോടതിയിൽനിന്നു ഫയലുകൾ കാണാതായ സംഭവം ഗൗരവമായി അന്വേഷിക്കേണ്ടതാണെന്നു മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാൽ പാഷ. ഫയലുകൾ കാണാതായ സംഭവം ക്രിമിനൽ നടപടിയാണെന്നും ഇതിൽ പോലീസിനെയോ മറ്റ് ഏജൻസിയെയോ അന്വേഷണം ഏൽപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയിലെ വിജിലൻസ് വിഭാഗത്തിന് ഇത്തരമൊരു വിഷയം അന്വേഷിക്കാൻ അധികാരമില്ല. ഫയലുകൾ കാണാതായ സംഭവം മോഷണമാണ്. ഇതിലാണ് നടപടി വേണ്ടത്. ഹൈക്കോടതിയിൽനിന്നു ഫയലുകൾ കാണാതാകുന്നത് സാധാരണഗതിയിൽ സംഭവിക്കില്ല. മൂന്നാമതൊരാൾ വന്നെടുത്തുകൊണ്ടുപോയി എന്നത് തനിക്കു വിശ്വസിക്കാൻ കഴിയില്ല. കാരണം അത്തരത്തിലുള്ള സാഹചര്യം ഹൈക്കോടതിയിൽ ഇല്ല.
ഏതു വിധത്തിലാണെങ്കിലും നടപടി സ്വീകരിക്കണം. അന്വേഷണത്തിന് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ട്. അത് ശരിയായ ഉത്തരവാണ്. ഫയലുകൾ കാണാതാകുന്നത് പൊതുജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും കെമാൽ പാഷ പറഞ്ഞു.
ഫയലുകൾ കാണാതായ സംഭവം ഗൗരവതരമെന്നു മുൻ ജഡ്ജി
02:06 AM Jun 20, 2018 | Deepika.com