മങ്കൊന്പ്: കുട്ടനാട്ടിൽ നടന്ന വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലരയോടെ മാന്പുഴക്കരിയിലെ വികസന സമിതി ഓഫീസിൽ നിന്നാണു രാമങ്കരി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹത്തെ കേസിന്റെ അന്വേഷണച്ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. വിജയകുമാരൻ നായർക്ക് കൈമാറിയതിനെത്തുടർന്ന് ആറോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇദ്ദേഹത്തെ ഇന്ന് ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കും.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 16 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ ഫാ. പീലിയാനിക്കലിന് ഹൈക്കോടതി രണ്ടു കേസുകളിൽ മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും അവശേഷിക്കുന്ന കേസുകളിൽ ജാമ്യം ലഭിച്ചിരുന്നില്ല. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ഡിവൈഎസ്പി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫടക്കം ആറു പേർക്കെതിരേയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ ചിലരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ആലപ്പുഴ ജില്ലാ കോടതി തള്ളിയിരുന്നു.
അറസ്റ്റ് ചെയ്തു
02:06 AM Jun 20, 2018 | Deepika.com