കൊച്ചി: യോഗ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുമെന്ന് ജിസിഡിഎ ചെയർമാൻ സി. എൻ. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം ജില്ലയിലെ 26 യോഗാ ക്ലബുകളിൽ നിന്നുള്ള 1,115 പഠിതാക്കൾ അണിനിരക്കുന്ന യോഗാ പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കും.
ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിന് യോഗാ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ ഒന്നിച്ച് പരിശീലനം നടത്തും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന യോഗാപ്രദർശനം 40 മിനിറ്റ് നീണ്ടുനിൽക്കും.
മന്ത്രി എ.സി. മൊയ്തീൻ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, യോഗാ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ബി. ബാലചന്ദ്രൻ, എം.പി. പത്രോസ് എന്നിവർ പങ്കെടുക്കും. യോഗാ ദിനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സെമിനാറുകൾ നടത്തും. ബി. ബാലചന്ദ്രൻ, എം.പി. പത്രോസ്, ജില്ലാ കണ്‍വീനർ രാജേന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
യോഗാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ കൊച്ചിയിൽ
01:57 AM Jun 20, 2018 | Deepika.com