കൊച്ചി: കുടുംബശ്രീയിലെ വനിതകൾക്കു മാധ്യമ പരിശീലനത്തിനും തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുമായി ആരംഭിച്ച ‘മീഡിയാശ്രീ’ പദ്ധതി നിലച്ചു. ആരംഭത്തിലേ അഴിമതിയാരോപണം കേട്ട പദ്ധതിയുമായി ഇനി മുന്നോട്ടു പോകേണ്ടതില്ലെന്നാണു സംസ്ഥാന കുടുംബശ്രീ മിഷന്റെ നിലപാട്.
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ടെലിവിഷൻ ചാനൽ തുടങ്ങുകയെന്ന ദീർഘകാല ലക്ഷ്യവുമായാണു യുഡിഎഫ് സർക്കാരിന്റെ കാലത്തു മീഡിയാശ്രീ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഓരോ തദ്ദേശസ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്കു മാധ്യമപ്രവർത്തന പരിശീലനം നൽകിയിരുന്നതായും കുടുംബശ്രീ മിഷൻ അധികൃതർ പറഞ്ഞു. 60 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചത്.
കോഴിക്കോടുള്ള സ്വകാര്യ മാധ്യമ പരിശീലന സ്ഥാപനത്തിനായിരുന്നു പരിശീലനച്ചുമതല. വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും എഴുത്തിലും അഭിരുചിയുള്ള കുടുംബശ്രീ അംഗങ്ങളെ ജില്ലാതലങ്ങളിൽ ഒരുമിച്ചുകൂട്ടി പരിശീലന പരിപാടികൾ നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല.
മീഡിയാശ്രീയുടെ അനുബന്ധമായി ആവിഷ്കരിച്ച ‘ഫ്രെയിംശ്രീ’ പദ്ധതിയും പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയശേഷം നിശ്ചലാവസ്ഥയിലാണ്. അതതു തദ്ദേശസ്ഥാപനങ്ങളുടെ ചരിത്രവും വികസനപ്രവർത്തനങ്ങളും വിശദമാക്കുന്ന വീഡിയോ ഡോക്യുമെന്ററികൾ ഒരുക്കുകയായിരുന്നു ഫ്രെയിംശ്രീയുടെ ലക്ഷ്യം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽനിന്ന് 65,000 രൂപ വീതം സമാഹരിച്ചു. 978 തദ്ദേശസ്ഥാപനങ്ങളിൽനിന്നു തുക സമാഹരിച്ചെങ്കിലും പകുതിയോളം പഞ്ചായത്തുകളിലാണു ഡോക്യുമെന്ററി നിർമാണം തുടങ്ങിയത്.
ഗ്രാമപഞ്ചായത്തുകളിൽനിന്നു സമാഹരിച്ച തുകയുടെ വിനിയോഗത്തിൽ 2.61 കോടിയുടെ അഴിമതി ആരോപണം ഉയർന്നതാണു മീഡിയാശ്രീക്കു തിരിച്ചടിയായത്. ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസിനെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം പാതിവഴിയിലാണ്. കുടുംബശ്രീ അംഗങ്ങൾക്കു മാധ്യമപ്രവർത്തന പരിശീലനം നൽകാനുള്ള ചുമതല ചലച്ചിത്രവികസന കോർപറേഷനു നൽകാതെ സ്വകാര്യ സ്ഥാപനത്തിനു നൽകിയതു സംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു.
അതേസമയം തദ്ദേശസ്ഥാപനങ്ങളുടെ ചരിത്രവും വികസനപ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന ഡോക്യുമെന്ററികൾ നിർമിക്കാൻ അതതു ഭരണസമിതികൾക്കു സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിൽനിന്നു ഡോക്യുമെന്ററി ഒരുക്കാനുള്ള തുക കണ്ടെത്താനാണു നിർദേശം. ചില തദ്ദേശസ്ഥാപനങ്ങൾ ഡോക്യുമെന്ററി നിർമാണത്തിനു സ്വന്തംനിലയിൽ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്.
സിജോ പൈനാടത്ത്
കുടുംബശ്രീയുടെ ‘മീഡിയാശ്രീ’ നിലച്ചു
01:33 AM Jun 20, 2018 | Deepika.com