തിരുവനന്തപുരം : പ്രവാസികൾക്കായുള്ള കേരള സ്റ്റേറ്റ് ഫിനാൻഷൽ എന്റർപ്രൈസസിന്റെ (കെഎസ്എഫ്ഇ) ഓണ്‍ലൈൻ ചിട്ടിയുടെ രജിസ്ട്രേഷനു തുടക്കമായി. ഈ വർഷം ഓഗസ്റ്റിലാണു ഓണ്‍ലൈൻ ചിട്ടി ആരംഭിക്കുന്നത്. പ്രവാസികൾക്കു ലോകത്ത് എവിടെയിരുന്നും ചിട്ടിയിൽ ചേരാനുള്ള അവസരമാണു കെഎസ്എഫ്ഇ ഒരുക്കിയിരിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തന്പി ഹാളിൽ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ ചിട്ടിയുടെയും പുതിയ ലോഗോയുടെയും ഉദ്ഘാടനം നിർവഹിച്ചു.
നവകേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിൽ പ്രവാസികളും പങ്കാളിയാകുന്നൂവെന്നതാണു കെഎസ്എഫ്ഇയുടെ ഓണ്‍ലൈൻ ചിട്ടിയെന്ന പുതിയ സംരംഭത്തിലൂടെ സാധ്യമാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ വികസനത്തിനു കുറവായി നിൽക്കുന്നതു സാന്പത്തികമാണ്. പല കാര്യങ്ങളും നിർവഹിക്കുന്നതിനായി സാന്പത്തിക ശേഷി നമുക്കില്ല. വികസനപ്രവർത്തനങ്ങൾക്കു സാധാരണയായി ബജറ്റിലൂടെ വച്ചിരിക്കുന്ന തുകയാണ് ഉപയോഗിക്കുന്നത്. വായ്പയേയും ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ, ഇതിനെല്ലാം പരിധിയുണ്ട്. വ്യത്യസ്തമായ വഴികളിലൂടെ പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കിഫ്ബിയിലേയ്ക്കു പണമെത്തിക്കണം. തിരിച്ചടവിനുള്ള കാര്യങ്ങളെല്ലാം സർക്കാർ ഭദ്രമാക്കിയിട്ടുണ്ട്. ഇതിനു പ്രവാസികളാണു നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്പീക്കർ ശ്രീരാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, മുൻ മന്ത്രി കെ.എം. മാണി, പി.സി.ജോർജ് എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ ഫീലിപ്പോസ് തോമസ് എന്നിവരും പ്രസംഗിച്ചു. ഓണ്‍ലൈൻ ചിട്ടിയുടെ ആദ്യ രജിസ്ട്രേഷൻ നിർവഹിച്ചതു പ്രവാസിയായ അഷറഫ് താമരശേരിയായിരുന്നു.
പ്രവാസികൾക്കു കെഎസ്എഫ്ഇയുടെ ഓണ്‍ലൈൻ ചിട്ടിക്കു തുടക്കമായി
02:27 AM Jun 19, 2018 | Deepika.com