തിരുവനന്തപുരം: ദാസ്യപ്പണി ചെയ്യിച്ച എസ്എപി ഡെപ്യൂട്ടി കമൻഡാന്റിനെ സ്ഥലം മാറ്റണമെന്നു നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറിക്കു റിപ്പോർട്ട് നൽകി. എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി. രാജു തന്റെ വീടിന്റെ പണിക്കു ടൈൽസ് പാകാൻ ക്യാമ്പ് ഫോളോവേഴ്സിനെ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ശിപാർശ സമർപ്പിച്ചത്.
ക്യാമ്പ് ഫോളോവേഴ്സിനെ വീട്ടിലെ ടൈൽസ് പണിക്കു നിയോഗിച്ചതു ചട്ടവിരുദ്ധമാണെന്നു കാട്ടിയാണ് ഡിജിപിയുടെ റിപ്പോർട്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫീസുകളിൽ ക്യാമ്പ് ഫോളോവേഴ്സിനെ നിർത്താമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. നിയമമനുസരിച്ച് ക്യാമ്പുകളിൽ ഫോളോവേഴ്സിനെ നിർത്തുന്നതിൽ തെറ്റില്ലെന്നും നിയമം ലംഘിച്ചാൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പോലീസിലെ ദാസ്യപ്പണി: എസ്എപി ഡെപ്യൂട്ടി കമൻഡാന്റിനെ മാറ്റണമെന്നു ഡിജിപിയുടെ റിപ്പോർട്ട്
02:12 AM Jun 19, 2018 | Deepika.com