കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആർടിഎഫുകാർക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുൻ എറണാകുളം റൂറൽ എസ്പി രൂപം നൽകിയ റൂറൽ ടൈഗർ ഫോഴ്സിലുണ്ടായിരുന്ന സന്തോഷ് കുമാർ, ജിതിൻ രാജ്. സുമേഷ് എന്നിവർക്കാണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണു വ്യവസ്ഥ.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കേസ് ആവശ്യത്തിനല്ലാതെ എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്നുമാണു മറ്റു ജാമ്യവ്യവസ്ഥകൾ. വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്നു പ്രതികളാണിവർ.
ശ്രീജിത്തിനെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിച്ചത് ഇവരാണെന്നു കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘം ഇവരെ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. മുൻ എസ്ഐ ദീപക്, സിഐ ക്രിസ്പിൻ സാം എന്നിവർക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
വരാപ്പുഴ: ആർടിഎഫുകാർക്കു ജാമ്യം
02:12 AM Jun 19, 2018 | Deepika.com