തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ കടുത്ത ദുരിതത്തിൽ കേരളം. കാലവർഷത്തത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വിവിധ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം 56 ആയി. കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപ്പൊട്ടലിനെത്തുടർന്നു മരിച്ചവരുടെ എണ്ണം 13 ആയി. മരം വീണും മണ്ണിടിഞ്ഞും ഉണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്. അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പു കൂടി വന്നതോടെ, ആശങ്കയുള്ളിൽ പേറി കഴിയുകയാണു കേരളം. പ്രത്യേകിച്ചും മലയോരമേഖലകളിലെയും തീരപ്രദേശത്തെയും ജനങ്ങൾ.
കാലവർഷക്കെടുതിയിൽ ഇന്നലെ വരെ സംസ്ഥാനത്താകെ 79.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 7264.16 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിനാശത്തിൽ 71.39 കോടി രൂപയുടെ നാശനഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. പ്രാഥമിക കണക്കെടുപ്പുകൾ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. കണക്കെടുപ്പു പൂർത്തിയാകുമ്പോൾ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരാനാണു സാധ്യത.
ഇതുവരെ 235 വീടുകൾ പൂർണമായും 5,022 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്തു വിവിധയിടങ്ങളിലായി തുറന്ന 115 ക്യാമ്പുകളിൽ 5,520 കുടുംബങ്ങളാണു ദുരിതം പേറി ജീവിക്കുന്നത്. ഈ കുടുംബങ്ങളിലെ 23,303 പേരാണു ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിതം തള്ളിനീക്കുന്നത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ.
ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 28 വീടുകൾ പൂർണമായും 10,056 വീടുകൾ ഭാഗികമായും തകർന്നു. 308.37 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതിലൂടെ 13.7 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലയിൽ ഇന്നലെ വരെയുണ്ടായ അപകടങ്ങളെ തുടർന്നുണ്ടായ ആകെ നഷ്ടം ഇതോടെ 15.22 കോടി രൂപയായതായും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നൽകിയ കണക്കുകൾ പറയുന്നു.
അതേസമയം, കാലവർഷം അതിശക്തമായി പെയ്ത്തു തുടരുകയാണ്. ഇന്നലെ വരെ കേരളത്തിനു കിട്ടേണ്ട മഴയുടെ 38.36 ശതമാനം അധികമഴയാണ് ഇതുവരെ പെയ്തത്. 34.05 സെന്റീമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 47.11 സെമീ മഴയാണ്.
കാലവർഷത്തിന്റെ ദുരിതം പേറുന്ന ഇടുക്കി ജില്ലയിൽ കിട്ടേണ്ട മഴയുടെ ഇരട്ടിക്കടുത്ത് ഇതിനോടകം പെയ്തു കഴിഞ്ഞു. ഇന്നലെ വരെ 32.54 സെന്റീമീറ്റർ പെയ്യേണ്ട സ്ഥാനത്ത് ഇടുക്കിയിൽ പെയ്തത് 59.6 സെന്റീമീറ്റർ മഴയാണ്. ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് ഇന്നലെ വരെ പെയ്തത്61.54 സെന്റീമീറ്റർ മഴയാണ്. 47.14 സെന്റീമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇത്.
മഴ: നഷ്ടം 80 കോടി
03:23 AM Jun 18, 2018 | Deepika.com