തിരുവനന്തപുരം: മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതിക്ക് ഈ മാസം 30ന് തുടക്കം കുറിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ പറശിനിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. ഇതു നടപ്പിലാകുന്നതോടെ മലബാറിലെ ടൂറിസം രംഗത്തു വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാകുന്നതോടെ അഞ്ചു വർഷംകൊണ്ട് രണ്ടു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമം. ലോകത്ത് തന്നെ പ്രശസ്തമായിട്ടുള്ള ട്രാവൽ ഗൈഡ് പ്രസാധകരായ അമേരിക്കയിലെ ലോണ്ലി പ്ലാനറ്റ് മാഗസിൻ കുടുംബങ്ങൾക്ക് ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുത്തത് കേരളത്തിന്റെ ടൂറിസം സാധ്യതകൾ പരിഗണിച്ചു കൊണ്ടാണ്. കൂടാതെ ഏഷ്യയിൽ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനത്തായി മലബാറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയിൽ വ്യത്യസ്തമായിട്ടുള്ള ടൂറിസം ബ്രാൻഡ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലബാറിലെ നദികളിലൂടെയും കായലിലൂടെയും ഉള്ള വിനോദ വിജ്ഞാന ജലയാത്രയാണ് ഈ പദ്ധതിയുടെ പ്രമേയം. പരിസ്ഥിതി സൗഹാർദ ടൂറിസം പദ്ധതി നടപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഗ്രീൻ ആർക്കിടെക്ചറൽ ഡിസൈൻ അനുസരിച്ചുള്ള നിർമാണ പ്രവൃത്തികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാലിന്യ നിർമാർജന രീതികൾ അവലംബിച്ച് മാലിന്യ മുക്തമായാകും ഈ പദ്ധതി നടപ്പിലാക്കുക. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോ ടോയ്ലെറ്റുകൾ, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം തുടങ്ങി എല്ലാ വിധത്തിലുമുള്ള മാലിന്യ സംസ്കരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിൽ വരുത്തുക.
കണ്ണൂർ, കാസർഗോഡ് പ്രദേശങ്ങളിലെ പരമ്പരാഗത വ്യവസായങ്ങൾക്ക് ജീവൻ നൽകാൻ പദ്ധതി സഹായകരമാകും. പരമ്പരാഗത തൊഴിൽമേഖലകളായുള്ള കള്ള് ചെത്ത്, മത്സ്യബന്ധനം, നെൽകൃഷി, കൈത്തറി, കളി മണ്ണ്, വെങ്കലം മുതലായവ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി അതിന്റെ നിർമാണവും വിപണനവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്ന ഓട്ടോ, ടാക്സി, ബസ് ജീവനക്കാർക്ക് പരിശീലനം നൽകി പദ്ധതിയുടെ ഭാഗമാക്കി തദ്ദേശീയരായവർക്ക് അധിക തൊഴിലവസരം നൽകാനും ലക്ഷ്യമിടുന്നുണ്ട്. 53 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ ഇതിനകം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലബാർ റിവർ ക്രൂയിസ് പദ്ധതി : നിർമാണോദ്ഘാടനം 30നു മുഖ്യമന്ത്രി നിർവഹിക്കും
02:18 AM Jun 18, 2018 | Deepika.com