മുക്കൂട്ടുതറ: മരുമകൻ ഓടിച്ച കാർ ഇടിച്ചു വയോധിക മരിച്ചു. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റ് തകർത്തു കടയിലേക്കു പാഞ്ഞു കയറിയാണ് അപകടം. കടയുടെ മുൻവശത്തിരുന്ന കടയുടമയായ എലിവാലിക്കര ഓലിക്കൽ വീട്ടിൽപരേതനായ ദാനിയേലിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ ചേടത്തി- 86) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു സംഭവം. വീടിനു മുന്നിലുള്ള സ്വന്തം കടയിൽ ഇരിക്കുകയായിരുന്നു മറിയാമ്മ.
കാർ പാഞ്ഞെത്തിയപ്പോഴേക്കും ഓടി മാറാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കാർ ഇടിച്ചു മറിയാമ്മ തൊട്ടടുത്ത പറമ്പിലേക്കു തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു . മരുമകൻ തങ്കച്ചൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തങ്കച്ചനും ഭാര്യയും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. സംസ്കാരം പിന്നീട്. മക്കൾ: സാബു, കുഞ്ഞുമോൾ, പരേതനായ രാജു. മറ്റു മരുമക്കൾ, സൂസമ്മ, സാലി .
മരുമകൻ ഓടിച്ച കാർ ഇടിച്ച് വയോധിക മരിച്ചു
01:55 AM Jun 18, 2018 | Deepika.com