തൃശൂർ: ഫെമിന മിസ് ഇന്ത്യ 2018-ന്റെ ഗ്രാൻഡ് ഫിനാലെ ചൊവ്വാഴ്ച മുംബൈയിൽ അരങ്ങേറും. അഖിലേന്ത്യാ തലത്തിൽ വിവിധ സോണുകളിൽ നിന്നുള്ള 30 സുന്ദരിമാർ മാറ്റുരയ്ക്കും. ഫിനാലെയിൽ കേരളത്തിൽനിന്നു മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് മേഘ്ന ഷാജനാണ്.
കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സുന്ദരിമാരാണ് ദക്ഷിണ സോണിൽനിന്ന് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുക. മേഘ്ന ഷാജൻ ഉൾപ്പെടെയുള്ളവർ ഗ്രാൻഡ് ഫിനാലെയിലേക്കുള്ള രണ്ടു റൗണ്ടുള്ള തീവ്ര പരിശീലനത്തിലാണ്.
മോഡലും ചലച്ചിത്ര താരവുമായ രാകുൽ പ്രീത് സിംഗ്, തമിഴ്-മലയാളം ചലച്ചിത്ര നടി റായ് ലക്ഷ്മി, പ്രമുഖ ബില്യാർഡ്സ് സ്നൂക്കർ താരം പങ്കജ് അഡ്വാനി, ബേസ് ഗിറ്റാറിസ്റ്റ് ബെഹ്റാം സിഗാൻ പോരിയ, കന്നട ചലച്ചിത്രതാരം വിജയ് സൂര്യ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലന റൗണ്ടുകൾ.
ശ്രേയാ റാവു കാമവരപു (ആന്ധ്രാപ്രദേശ്), കാമാക്ഷി ഭാസ്കർലാ (തെലുങ്കാന), അനുക്രീതി വാസ് (തമിഴ്നാട്), ഭാവന ദുർഗാം (കർണാടക) എന്നിവരാണ് ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്ന മറ്റു മത്സരാർഥികൾ.
മിസ് ഇന്ത്യ ഫിനാലെ ചൊവ്വാഴ്ച; മേഘ്ന കേരളത്തിന്റെ താരം
01:44 AM Jun 17, 2018 | Deepika.com