കൊച്ചി: അഞ്ച് മിനിറ്റിൽ എട്ട് മാന്പഴം അകത്താക്കി കൊല്ലം സ്വദേശി ബിനിൽ മാന്പഴം തീറ്റ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. എറണാകുളം കാർഷിക പ്രോത്സാഹന സൊസൈറ്റി മറൈൻഡ്രൈവിൽ സംഘടിപ്പിച്ചു വരുന്ന ചക്ക, മാങ്ങ വിപണനമേളയോട് അനുബന്ധിച്ചാണു മാന്പഴം തീറ്റ മത്സരം നടന്നത്.
അഞ്ചു മിനിറ്റിൽ ആറ് മാന്പഴം കഴിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അൻസാർ രണ്ടാം സ്ഥാനവും അഞ്ച് മാന്പഴം കഴിച്ച ആലപ്പുഴ സ്വദേശി ഷിഫ്ന സിയാദ് മൂന്നാം സ്ഥാനവും നേടി. സേലം വിഭാഗത്തിൽ പെട്ട മാന്പഴമാണ് മത്സരത്തിനായി നൽകിയത്.
മത്സരം പുരോഗമിക്കവേ, മേള കാണാനെത്തിയ സിംഗപ്പുർ സ്വദേശിനി സിഷ്യയും ഇവർക്കൊപ്പം ഒരു കൈ നോക്കാൻ മുന്നോട്ടുവന്നു. പക്ഷേ, മലയാളികളെ പോലെ വേഗത്തിൽ മാന്പഴം കഴിക്കാനുള്ള വിദ്യ അറിയാത്തതിനാൽ പിടിച്ചുനിൽക്കാൻ സിഷ്യക്കു കഴിഞ്ഞില്ല. മുൻ മേയർ ടോണി ചമ്മണി മത്സരം ഉദ്ഘാടനം ചെയ്തു.
അഞ്ചു മിനിറ്റിൽ എട്ട് മാന്പഴം: ബിനിൽ ഒന്നാമത്
01:46 AM May 28, 2018 | Deepika.com