തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ അനുഭവ സമ്പത്തും ചടുലനീക്കങ്ങളും കഴിവുകളും കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനു പ്രയോജനപ്പെടുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ദേശീയ തലത്തിൽ പല നിർണായക മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നിൽനിന്നു പ്രവർത്തിക്കേണ്ടതു കോൺഗ്രസാണ്. ദേശീയ നേതൃത്വത്തിലേക്കു പോയാലും കേരളത്തിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യമുണ്ടാവുമെന്നും ആന്റണി പറഞ്ഞു.
കേരളത്തിനു ലഭിച്ച അംഗീകാരം: ചെന്നിത്തല
ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിപദത്തിൽ എത്തിയതു കേരളത്തിനു ലഭിച്ച അംഗീകാരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ഉന്നതപദവികൾ അലങ്കരിച്ച ഉമ്മൻ ചാണ്ടിയെ ജനറൽ സെക്രട്ടറി ആക്കിയതിലൂടെ എഐസിസി കൂടുതൽ കർമനിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന് ഉണർവേകും: സുധീരൻ
തിരുവനന്തപുരം: ജനസേവന രംഗത്തു ദീർഘകാലത്തെ പ്രവർത്തന പാരന്പര്യമുള്ള ഉമ്മൻ ചാണ്ടിയെ പോലൊരു സമുന്നതനായ നേതാവിന്റെ സജീവ സാന്നിധ്യവും നേതൃത്വവും ദേശീയതലത്തിൽ കോണ്‍ഗ്രസിന് പുതിയൊരു ഉണർവ് നൽകുമെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.
സ്ഥാനലബ്ധി നല്ല കാര്യം: മാണി
കോട്ടയം: ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയതു ദേശീയ രാഷ്ട്രീയത്തിനു നല്ല കാര്യമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽനിന്നുകൊണ്ടു കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നാണു പ്രതീക്ഷയെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. ഭിന്നാഭിപ്രായമുള്ള പല വിഷയങ്ങളും സാമർഥ്യത്തോടെ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിന് അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രമാണ്. ഉമ്മൻ ചാണ്ടിയുടെ മുഴുവൻ സമയ ശ്രദ്ധ കേരളത്തിൽ ഇല്ലാത്തതു തീർച്ചയായും ഒരു കുറവ് തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനു കരുത്തേകും: ആന്റണി
01:46 AM May 28, 2018 | Deepika.com