പാലാ: ആവേശം വാനോളമുയർത്തി ആയിരക്കണക്കിനു സ്ത്രീകളും യുവാക്കളും കുട്ടികളുമടക്കമുള്ളവർ അണിചേർന്നപ്പോൾ ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലായിൽ നടന്ന കർഷകറാലിയും മഹാസംഗമവും പുതിയ ചരിത്രമെഴുതി. കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ഡിഎഫ്സി പ്രവർത്തകരും പിന്തുണയ്ക്കുന്നവരും തെരുവുകളിൽ നിറഞ്ഞുകവിഞ്ഞപ്പോൾ നഗരം ആവേശത്തിരയിലായി. "കാര്‍ഷികവൃത്തി കേരളസമൃദ്ധി' എന്ന മുദ്രാവാക്യം മുൻനിർത്തിയായിരുന്നു ഈ ചരിത്ര സംഗമം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ളാലം പഴയ പള്ളി അങ്കണത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സക്കറിയയ്ക്കു പതാക കൈമാറി റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുളിക്കല്‍, രാഷ്ട്രദീപിക ലിമി റ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നേതൃത്വം നല്കിയ റാലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തു സംഗമിച്ചു. കേരള കാർഷികസംസ്കൃതിയുടെ നേര്‍ക്കാഴ്ചയെന്നോണം ഉണര്‍ത്തുപാട്ടുകളും മുദ്രാവാക്യങ്ങളും നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും റാലിക്കു മോടി കൂട്ടി. ഇടയ്ക്ക് പെയ്തിറങ്ങിയ പെരുമഴയ്ക്കും പ്രവർത്തകരുടെ ആവേശത്തെ കെടുത്താനായില്ല.
മഹാസമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും 132 വര്‍ഷമായി ദീപിക അര്‍പ്പിക്കുന്ന സേവനം മഹനീയവും മാതൃകാപരവുമാണെന്നു മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം ആമുഖ പ്രസംഗം നടത്തി. ഡോ. സണ്ണി വി. സക്കറിയ അധ്യക്ഷതവഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബി ഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.റെജി മനയ്ക്കലേട്ട്, മിജാര്‍ക് പ്രസിഡന്റ് സിറിയക് ചാഴികാടന്, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഷെവ.വി.സി.സെബാസ്റ്റ്യന്‍, ദീപിക ഫ്രണ്ട്സ് ക്ലബ് വനിതാ വിഭാഗം പാലാ സോണ്‍ പ്രസിഡന്റ് സാലിമ്മ ജോളി, കോതമംഗലം സോണ്‍ വനിതാ വിഭാഗം പ്രസിഡന്റ് ഷീല രാജു, എകെസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സെലിന് സിജോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ സ്വാഗതവും ഡിഎഫ്സി പാലാ സോണ്‍ ഡയറക്ടര്‍ ഫാ. സ്കറിയ വേകത്താനം കൃതജ്ഞതയും പറഞ്ഞു.
മഹാസമ്മേളത്തോടനുബന്ധിച്ചു ദീപിക പുറത്തിറക്കിയ പ്രത്യേക പതിപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, 103 വയസുള്ള കര്ഷകന് ചെമ്പിളാവ് വളര്‍കോട് മത്തായിക്കു കോപ്പി നല്കി പ്രകാശനംചെയ്തു. ഇദ്ദേഹം ചൊല്ലിയ കര്‍ഷക പ്രതിജ്ഞ നിറഞ്ഞ സദസ് ഏറ്റുചൊല്ലി. കാര്‍ഷിക-സാമൂഹിക-സേവന മേഖലകളില്‍ മാതൃകാപരമായ സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖരെയും പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, തിരുവല്ല അതിരൂപത വികാരി ജനറാള്‍ഫാ. ചെറിയാന് താഴമണ്‍, കോട്ടയം അതി രൂപത വികാരി ജനറാൾ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവരും ഡിഎഫ്സി ഭാരവാഹികളും വേദിയില്‍ സന്നിഹിതരായിരുന്നു. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനോ പുന്നമറ്റത്തിൽ, ദീപിക പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ അവതാരകരായിരുന്നു.
റെജി ജോസഫ്
നാടുണർത്തി കര്‍ഷകമഹാസംഗമം
06:50 AM May 27, 2018 | Deepika.com