തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
രക്ഷാകർത്താക്കൾ, സ്കൂൾ അധികൃതർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരുമായി സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണു നിർദേശങ്ങൾ. വിദ്യാർഥി സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി 31നു മുൻപായി തന്നെ പിടിഎ പ്രസിഡന്റുമാരുടേയും പ്രധാന അധ്യാപകരുടേയും ഡി ഇ ഒ മാരുടേയും യോഗം സബ് ഡിവിഷൻ തലത്തിൽ വിളിച്ചുകൂട്ടി സ്കൂൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തയാറെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങൾ നൽകണം. യോഗത്തിൽ സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിന് അധ്യാപകരുടേയും രക്ഷിതാക്കളുടേയും പങ്ക് വിശദമായി ചർച്ച ചെയ്യണം. യോഗത്തിൽ അതത് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ നിർബന്ധമായും പങ്കെടുക്കണം.
മറ്റ് പ്രധാന നിർദേശങ്ങൾ
* സ്കൂൾ ബസുകൾ /വാഹനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷയെ സംബന്ധിച്ച് ഡി പി ഐ മുൻപ് പുറത്തിറക്കിയ നിർദേശങ്ങളും സംസ്ഥാന പോലീസ് മേധാവി മുൻപ് നൽകിയ നിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കണം.
* എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഉടൻ തന്നെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആരംഭിക്കണം.
* സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിന് കുട്ടികളെ വരിവരിയായി നിർത്തുന്നതിന് അധ്യാപകരുടേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും മറ്റും സഹായവും പങ്കാളിത്തവും ഉറപ്പുവരുത്തണം.
* കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നതിന് പോലീസിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും സഹായം ഉറപ്പാക്കണം.
* സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിനായിട്ടുള്ള ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണം നൽകണം.
* സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നും മറ്റു സ്വഭാവ ദൂഷ്യങ്ങൾ ഒന്നും ഇല്ലാത്തവരാണെന്നും ഉറപ്പുവരുത്തണം.
* ഡ്രൈവർമാർക്കു പോലീസ് ക്ലിയറൻസ് നിർബന്ധമാക്കണം.
* സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളിലെയും ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനങ്ങൾ ഓടിക്കുന്നതെന്ന് ഇടയ്ക്കിടെ നടത്തുന്ന പരിശോധനയിലൂടെ ഉറപ്പുവരുത്തണം.
* സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പുവരുത്തണം.
* സ്കൂൾ പുനരാരംഭിക്കുന്ന ദിവസങ്ങളിൽ രക്ഷിതാക്കളും മറ്റുമായി ധാരാളംപേർ സ്കൂളുകളിലേയ്ക്ക് പോകുന്ന സമയത്ത് ഗതാഗതകുരുക്കുകൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം.
* മാല പൊട്ടിക്കൽ ശ്രമം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
* സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ അനുവദിച്ചിരിക്കുന്ന സംഖ്യയിലും കൂടുതൽ കുട്ടികളെ കയറ്റാൻ അനുവദിക്കരുത്.
* എല്ലാ വിദ്യാർഥികളും അധ്യാപകരും മറ്റ് സ്കൂൾ ജീവനക്കാരും തിരിച്ചറിയൽ കാർഡുകൾ ധരിക്കാൻ നിർദേശം നൽകണം.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻസിസി, എൻ എസ് എസ് എന്നീ യൂണിറ്റുകളിലെ വിദ്യാർഥികളെ സുരക്ഷാ ക്രമീകരണത്തിലുള്ള വീഴ്ചകൾ കണ്ടെത്തുന്നതിനും ബോധവത്ക്കരണത്തിനും ഉപയോഗപ്പെടുത്താം.
* സൈബർ സുരക്ഷ, സ്വയം പരിശീലനം, രക്ഷിതാക്കൾക്കുള്ള നിയമബോധവൽക്കരണം എന്നിവയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടേയും ചൈൽഡ് ഫ്രണ്ട് ലി പോലീസ് സ്റ്റേഷനുകളുടേയും സഹായം തേടാൻ നിർദേശിക്കാം.
പുതിയ അധ്യയന വർഷം, സുരക്ഷ ഉറപ്പാക്കാം
01:58 AM May 27, 2018 | Deepika.com