തിരുവനന്തപുരം/കൊച്ചി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം റീജണ്‍ തുടർച്ചയായി നാലാം വർഷവും രാജ്യത്ത് ഒന്നാമത്.
97.32 ആണു വിജയശതമാനം. പരീക്ഷയെഴുതിയ 38,423 വിദ്യാർഥികളിൽ 37,395 വിദ്യാർഥികളും ഉപരിപഠനത്തിനു യോഗ്യത നേടി. റെഗുലർ വിഭാഗത്തിൽ 38934 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 37706 വിദ്യാർഥികൾ വിജയിച്ചു.
ജനറൽ വിഭാഗത്തിൽ 18648 ആണ്‍കുട്ടികളും 17801 പെണ്‍കുട്ടികളും വിജയം കൈവരിച്ചു. എസ്സി, എസ്ടി വിഭാഗത്തിൽ 1310 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1257 വിദ്യാർഥികൾ വിജയിച്ചു. ആർട്സ് സ്ട്രീമിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ കസ്തൂരി ഷാ 500 ൽ 496 മാർക്ക് നേടി ഒന്നാമതെത്തി. സയൻസ് സ്ട്രീമിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ നന്ദ വിനോദും (496 മാർക്ക്) കൊമേഴ്സ് സ്ട്രീമിൽ കൊച്ചി നേവൽ ബേസിലെ നേവി ചിൽഡ്രൻ സ്കൂൾ വിദ്യാർഥി മേഹൽ ഭരദ്വാൾ (496 മാർക്ക്) ഒന്നാമതെത്തി.
വിജയത്തിളക്കത്തിൽ മിന്നി കസ്തൂരി
തിരുവനന്തപുരം: ‘വളരെയധികം ഹാർഡ് വർക്ക് ചെയ്തിരുന്നു. അതിന്റെ റിസൾട്ട് ആണ് ഇപ്പോൾ വന്നത്.’ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്തെ മിന്നുന്ന വിജയം സ്വന്തമാക്കിയ കസ്തൂരി ഷാ പറഞ്ഞു. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 496 മാർക്ക് നേടിയാണ് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥിയായ കസ്തൂരി ഒന്നാം സ്ഥാനത്തെത്തിയത്.
എല്ലാ വിഷയങ്ങൾക്കും എ വണ്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കസ്തൂരി പറയുന്നു.
ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എം. ഷാഫിയുടേയും കൊല്ലം ടികെഎം കോളജ് പ്രഫസർ എം.ജെ. ഷീബയുടേയും മകളാണ് കസ്തൂരി. തുടർ പഠനത്തെക്കുറിച്ചും കസ്തൂരിക്കു വ്യക്തമായി അറിയാമായിരുന്നു. ‘ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേരണം. പിന്നെയും ഒരുപാടു പഠിക്കണം. എന്നിട്ട് അമ്മയെപ്പോലെ ഒരു കോളജ് അധ്യാപികയാകണം. അമ്മയാണ് എല്ലാ കാര്യത്തിലും എന്റെ പ്രചോദനം.’ അമ്മയോടു ചേർന്നു നിന്ന് കസ്തൂരി പറഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴാണ് കസ്തൂരിയുടെ സ്വദേശം. അനിയൻ അക്ബർ ഷാ കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം: നാലാംവട്ടവും തിരുവനന്തപുരം
01:58 AM May 27, 2018 | Deepika.com