കൊച്ചി: കൊമേഴ്സ് വിഭാഗത്തിൽ 500ൽ 496 മാർക്ക് നേടി കൊച്ചി നേവൽ ബേസിലെ നേവി ചിൽഡ്രൻ സ്കൂൾ വിദ്യാർഥി മേഹൽ ഭരദ്വാൾ തിരുവനന്തപുരം റീജണിൽ ഒന്നാമതെത്തി. ഫലമറിഞ്ഞ ഉടൻ എളംകുളത്തെ നാവികസേനാ ഓഫീസർമാരുടെ ക്വാർട്ടേഴ്സായ വർഷ അപ്പാർട്ട്മെന്റ്സിലെ മേഹലിന്റെ വീട്ടിലേക്കു നേരിട്ടും ഫോണിലൂടെയും അഭിനന്ദനപ്രവാഹമായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ആണു മേഹലിന്റെ സ്വദേശം.
മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും 99.2 ശതമാനം മാർക്കോടെയുള്ള വിജയം അപ്രതീക്ഷിതമായിരുന്നെന്നു മേഹൽ പറഞ്ഞു. ബിസിനസ് സ്റ്റഡീസിനും ഇക്കണോമിക്സിനും ഈ മിടുക്കി മുഴുവൻ മാർക്കും വാങ്ങി. അക്കൗണ്ടൻസിക്കും കണക്കിനും നൂറിൽ തൊണ്ണൂറ്റിയൊന്പതും ഇംഗ്ലീഷിനു 98 മാർക്കുമാണു ലഭിച്ചത്. ഈ വിജയം മാതാപിതാക്കൾക്കും അധ്യാപകർക്കുമാണു മേഹൽ സമർപ്പിക്കുന്നത്. പ്രത്യേകിച്ച് അക്കൗണ്ടൻസി അധ്യാപികയായ പ്രിയയ്ക്കും ഇക്കണോമിക്സ് പഠിപ്പിച്ച സൂസി ടീച്ചർക്കും.
അക്കൗണ്ടൻസിയാണു ഇഷ്ടവിഷയം. ഡൽഹി സർവകലാശാലയിൽ ബികോം ഓണേഴ്സിനു ചേരാനും അക്കൗണ്ടൻസിയിൽ തന്നെ ഉപരിപഠനം നടത്താനുമാണ് ആഗ്രഹം. ലഫ്റ്റനന്റ് കേണൽ രാകേഷ് ഭരദ്വാളിന്റെയും ആർമി മുൻ ക്യാപ്റ്റൻ അൽപനയുടെയും മകളാണ്. പത്താം ക്ലാസ് വിദ്യാർഥിനി മാഹിക ഏക സഹോദരി.
കൊമേഴ്സിൽ അജയ്യയായി മേഹൽ
01:58 AM May 27, 2018 | Deepika.com