മറയൂർ: നക്ഷത്രആമകളുടെ കേരളത്തിലെ ഏക ആവാസ വ്യവസ്ഥയായ മറയൂർ വനമേഖലയിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ നക്ഷത്ര ആമകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു തുടക്കം. വിദേശത്തേക്കു കടത്താൻ ശ്രമിക്കുന്ന നക്ഷത്ര ആമകളെ പിടികൂടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചിന്നാറിലെത്തിച്ചു നടത്തിയ പുനരധിവാസം വിജയകരമായതോടെയാണ് നക്ഷത്ര ആമകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു ചിന്നാർ വന്യജീവി സങ്കേതത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
ചിന്നാർ വന്യജീവി സങ്കേതത്തിലുള്ള നക്ഷത്ര ആമകളുടെ കണക്കെടുപ്പ്, ആവാസ വ്യവസ്ഥയുടെ ഉപയോഗം, കാലാവസ്ഥ വ്യതിയാനങ്ങളോടുള്ള പ്രതികരണങ്ങൾ, വളർച്ചയുടെ തോത്, പ്രജനന സ്വഭാവത്തിലെ നിരീക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് രണ്ടു വർഷം നീളുന്ന ശാസ്ത്രീയ പഠനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ജൂണ്‍ ആദ്യവാരം പഠനം തുടങ്ങാനായി ജൈവവൈവിധ്യ വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ. അമിത് മല്ലിക്ക് കഴിഞ്ഞ ദിവസമാണ് ചിന്നാർ വന്യജീവി സങ്കേതം സമർപ്പിച്ച പഠനപദ്ധതി അംഗീകരിച്ച് ഉത്തരവിറക്കിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയ അഞ്ഞൂറോളം നക്ഷത്ര ആമകളുടെ പുനരധിവാസം ചിന്നാർ വന്യജീവി സങ്കേതത്തിൽ വിജയകരമായി നടത്തി.
ചിന്നാറിലെ നക്ഷത്ര ആമകളുടെ പിന്നാലെ പഠനസംഘം
01:58 AM May 27, 2018 | Deepika.com