മാള: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിനുള്ള ഒരുക്കങ്ങൾ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീർഥാടനകേന്ദ്രത്തിൽ പൂർത്തിയായി. കുടുംബങ്ങളുടെ മധ്യസ്ഥയും കുടുംബപ്രേഷിത പ്രവാചകയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാൾ ജൂണ്‍ എട്ടിനാണ്. കബറിടം സ്ഥിതിചെയ്യുന്ന ഇവിടെ തിരുനാളിന്റെ കൊടികയറ്റം 30നു നടക്കും. ജൂണ്‍ 15-നാണ് എട്ടാമിട തിരുനാൾ.
ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ സിഎച്ച്എഫ്, പ്രമോട്ടർ ഫാ. ജോസ് കാവുങ്ങൽ, ആഘോഷകമ്മിറ്റി ചെയർമാൻ ഫാ. ജോസ് ഗോപുരം, സന്യാസ സമൂഹത്തിന്റെ വികാർ ജനറലും ജനറൽ കണ്‍വീനറുമായ സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, ജനറൽ കൗണ്‍സിലേഴ്സായ സിസ്റ്റർ ആനി കുര്യാക്കോസ് സിഎച്ച്എഫ്, സിസ്റ്റർ ഭവ്യ സിഎച്ച്എഫ്, സിസ്റ്റർ മാരിസ് സ്റ്റെല്ല, ജനറൽ കണ്‍വീനർ ലിജോ പയ്യപ്പിള്ളി, ജോയിന്റ് കണ്‍വീനർമാരായ പി.ടി.ജോസ്, മേരി വർഗീസ്, വിവിധ കമ്മിറ്റി കണ്‍വീനർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ ആഘോഷ കമ്മിറ്റി പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
വാഴ്ത്തപ്പെട്ട അമ്മയുടെ കബറിട ദേവാലയത്തിലെത്തി കബറിടവും മ്യൂസിയവും ഇതര ഭക്തസ്ഥലങ്ങളും കണ്ടുവണങ്ങി ദൈവാനുഗ്രഹംയാചിച്ച് ഉൗട്ടുനേർച്ചയിൽ പങ്കെടുത്താണ് വിശ്വാസികൾ മടങ്ങുന്നത്. 25,000-ലേറെ പേർ ഉൗട്ടുനേർച്ചയിൽ പങ്കെടുക്കും.
തിരുകുടുംബ സന്യാസി സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ 19-ാമത് തിരുനാളാണ് ഈ വർഷം ആഘോഷിക്കുന്നത്.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാൾ ജൂണ്‍ എട്ടിന്
02:06 AM May 25, 2018 | Deepika.com