കൊച്ചി: മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നഷ്ടമാകുന്പോൾ ജീവിതം ഭൗതികവത്കരിക്കപ്പെടുകയും ജീവിതമൂല്യങ്ങൾ നഷ്ടമാവുകയും ചെയ്യുമെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ ഡോക്ട്രൈനൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലായിലെ ബിഷപ് വയലിൽ ഹാളിൽ നടന്ന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരണാനന്തര സത്യങ്ങൾ വിസ്മരിക്കപ്പെടുന്നതു കാലഘട്ടത്തിന്റെ പ്രതിസന്ധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മീഷൻ പ്രസിദ്ധീകരിച്ച യുഗാന്ത്യ ദൈവശാസ്ത്രം എന്ന പഠനഗ്രന്ഥം ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിലിനു നൽകി മാർ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. തലശേരി സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾ മോണ്‍. ജോസഫ് മലേപ്പറന്പിൽ, കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. ‘യുഗാന്ത്യ ദൈവശാസ്ത്രം’ പുസ്തകത്തിന്റെ കോപ്പികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ലഭിക്കും. ഫോണ്‍: 9446477924.
മരണാനന്തര സത്യങ്ങൾ വിസ്മരിക്കപ്പെടരുത്: മാർ കല്ലറങ്ങാട്ട്
01:38 AM May 25, 2018 | Deepika.com