കൊച്ചി: ജീവിതശൈലിയും മനോഭാവങ്ങളും ഓരോ വ്യക്തിയുടെയും ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. സീറോ മലബാർ സഭയിലെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഓഫീസ് സെക്രട്ടറി സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു. നിജോ ജോസഫ് പുതുശേരി, ഫാ. ഡായ് കുന്നത്ത് എന്നിവർ ആദ്യ ദിനത്തിൽ ക്ലാസുകൾ നയിച്ചു.
ഫാ. പോൾ റോബിൻ തെക്കത്ത്, ഫാ. ഡായ് കുന്നത്ത്, ഷാജി മാലിപ്പാറ, ഡോ. ബീന മനോജ് എന്നിവർ ഇന്നും നാളെയും വിവിധ സെഷനുകൾ നയിക്കും. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുന്നവർ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പുക്കാട്ടുപടി മദർ തെരേസ ഹോമിൽ സന്ദർശനം നടത്തും.
ബൈബിൾ ക്വിസ്, കലാപരിപാടികൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയുണ്ടാകും. നാളെ ഉച്ചയ്ക്ക് 1.15നു കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് വിദ്യാർഥികളുമായി ആശയവിനിമയം നടത്തും. തുടർന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
നല്ല മനോഭാവങ്ങൾ ജീവിതവിജയം നൽകും: ജസ്റ്റീസ് കുര്യൻ ജോസഫ്
02:20 AM May 24, 2018 | Deepika.com