തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള കേരള കോണ്‍ഗ്രസ്-എം തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും.
കേരള കോണ്‍ഗ്രസിന്റെ തീരുമാനം യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്റെ വിജയത്തിനു തിളക്കം കൂട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് പ്രവർത്തകർക്ക് ഈ തീരുമാനം കൂടുതൽ ആത്മവിശ്വാസം നൽകും. ചെങ്ങന്നൂരിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും ഈ തീരുമാനം മാറ്റൊലികൾ ഉണ്ടാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയുടെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് എം.എം. ഹസൻ പറഞ്ഞു. മാണിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ചെങ്ങന്നൂരിൽ യുഡിഎഫിന്റെ ഭൂരിപക്ഷം വർധിക്കും. മാണി യുഡിഎഫിലേക്കു മടങ്ങിവരണമെന്ന തങ്ങളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഹസൻ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്-എം തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ
02:10 AM May 23, 2018 | Deepika.com