കൊച്ചി: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നടക്കുന്ന അഴിമതിക്കെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നു കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കാർഷിക വികസന ബാങ്കിലെ അഴിമതിക്കും ദുർഭരണത്തിനുമെതിരേ ദീർഘനാളായി യൂണിയൻ ശക്തമായ സമരത്തിലാണ്. ഇതിന്റെ പേരിൽ യൂണിയൻ നേതാക്കൾക്കെതിരേ ബാങ്ക് ഭരണസമിതി പ്രതികാരനടപടികൾ സ്വീകരിക്കുകയാണ്. അന്യായമായ ട്രാൻസ്ഫറും ശിക്ഷാനടപടികളുമാണു നടപ്പാക്കുന്നത്. ബാങ്ക് ഭരണക്കാരുടെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരേ ഉടൻ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം നരേഷ്പാൽ സെന്ററിൽ നടന്ന സമ്മേളനം ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ബി. ജയപ്രകാശ്, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ബി. അനൂപ് (പ്രസിഡന്റ്), ഡി. തുളസീദാസ്, എസ്. ഷിജു (വൈസ് പ്രസിഡന്റുമാർ), എസ്. രമേശൻ ( ജനറൽ സെക്രട്ടറി), പോൾ ചാക്കോ, സി.ജി. രാജീവ് (ജോയിന്റ് സെക്രട്ടറിമാർ), എസ്. ഷാജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കാർഷിക ഗ്രാമവികസന ബാങ്കിലെ അഴിമതി: സർക്കാർ നടപടിയെടുക്കണമെന്ന് ബെഫി
01:37 AM May 23, 2018 | Deepika.com