കൊച്ചി: സിഗ്നൽ തകരാറിനെത്തുടർന്ന് തൃശൂർ-എറണാകുളം പാതയിൽ ട്രെയിനുകൾ അനിശ്ചിതമായി വൈകി. ഇന്നലെ പുലർച്ചെ നാലരയോടെ ആലുവയിലുണ്ടായ സിഗ്നൽ തകരാറാണു ട്രെയിനുകൾ വൈകാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. കേബിൾ മുറിഞ്ഞതാണു സിഗ്നൽ തകരാറിനു കാരണമായത്. ഇതേത്തുടർന്ന് ഈ പാതയിലെ എല്ലാ ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടിയത്.
എറണാകുളം ടൗണ്‍ സ്റ്റേഷനിൽ രാവിലെ 8.10ന് എത്തേണ്ട ഗുരുവായൂർ- ഇടമണ്‍ ഫാസ്റ്റ് പാസഞ്ചർ എത്തിയപ്പോൾ ഒന്‍പതരയായി. ഇതിനു പിന്നാലെ 8.38ന് എത്തുന്ന ആലപ്പുഴ സൂപ്പർഫാസ്റ്റ് 11നു ശേഷമാണ് എറണാകുളത്ത് എത്തിയത്. ജോലിക്കാർ ഏറെ ആശ്രയിക്കുന്ന 8.55ന് എത്തുന്ന ഗുരുവായൂർ-എറണാകുളം പാസഞ്ചർ എത്തിയപ്പോൾ പത്തര പിന്നിട്ടു. കൂടാതെ, ജനശതാബ്ദി, കേരള എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും വൈകി.
രാവിലെ ജോലിക്ക് പുറപ്പെട്ടവരെയാണ് ഏറെ ബാധിച്ചത്. എറണാകുളത്തുനിന്നു തൃശൂർ ഭാഗത്തേക്കുള്ള പാതയിലെ പ്രശ്നം ഉച്ചയോടെയും തൃശൂരിൽനിന്നു എറണാകുളത്തേക്കുള്ള പാതയിലെ പ്രശ്നം ഉച്ചകഴിഞ്ഞു മൂന്നരയോടെയും പരിഹരിച്ചെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
സിഗ്നൽ തകരാർ: തൃശൂർ-എറണാകുളം പാതയിൽ ട്രെയിനുകൾ വൈകി
01:37 AM May 23, 2018 | Deepika.com