കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതിനെതിരേ നൽകിയ ഹർജി വിദ്യാർഥിനി പിൻവലിച്ചു. ഇന്നലെ ഹൈക്കോടതി കേസ് പരിഗണനയ്ക്കെടുത്തപ്പോൾ ഹർജി പിൻവലിക്കുകയാണെന്നു വിദ്യാർഥിനിയുടെ അഭിഭാഷകൻ അറിയിച്ചു. സിംഗിൾബെഞ്ച് ഇതനുവദിച്ചു.
പത്താം ക്ലാസിലെ കണക്ക് പരീക്ഷയ്ക്ക് മുൻവർഷത്തെ ചോദ്യപേപ്പറാണ് തനിക്ക് കിട്ടിയതെന്നാരോപിച്ച് കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ അമീയ സലീമാണ് ഹർജി നൽകിയത്. പരീക്ഷയെഴുതി പുറത്തിറങ്ങി കൂട്ടുകാരുമായി ഉത്തരങ്ങൾ ഒത്തുനോക്കിയപ്പോഴാണ് പഴയ ചോദ്യപേപ്പർ കിട്ടിയ വിവരം അറിഞ്ഞതെന്നും പ്രിൻസിപ്പലിന് പരാതി നൽകിയെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
എന്നാൽ ഹർജിക്കാരി 2016 ൽ തന്റെ സഹോദരന് ലഭിച്ച ചോദ്യപേപ്പർ ഹാളിൽ കൊണ്ടുവന്നു പരീക്ഷയെഴുതിയതാകാമെന്നും ചോദ്യപേപ്പർ മാറിയെന്ന് ഇൻവിജിലേറ്റർക്ക് പരാതി നൽകിയിരുന്നില്ലെന്നും സിബിഎസ്ഇ ഹർജിയിൽ വിശദീകരണം നൽകിയിരുന്നു. സിബിഎസ്ഇയുടെ ഈ വാദങ്ങൾ യുക്തിക്ക് നിരക്കുന്നതല്ലെന്നു വ്യക്തമാക്കി വിദ്യാർഥിനിയുടെ അമ്മ മേയ് നാലിന് മറുപടി സത്യവാങ്മൂലവും നൽകിയിരുന്നു. ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നും വാദത്തിനു താൽപര്യമില്ലെന്നും വിദ്യാർഥിനിയുടെ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. തുടർ പഠനത്തിന് തടസമുണ്ടാകാതിരിക്കാനാണ് ഹർജി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സിബിഎസ്ഇ ചോദ്യപേപ്പർ മാറിയ സംഭവം; വിദ്യാർഥിനി ഹർജി പിൻവലിച്ചു
01:48 AM May 22, 2018 | Deepika.com