കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ ഭാരത സന്ദർശനം മലങ്കര സഭയിൽ സമാധാനത്തിനുള്ള വഴികൾ തുറക്കുമെന്നു പ്രതീക്ഷ. നാളെ മുതൽ ഒരാഴ്ച നീളുന്ന സന്ദർശനത്തിനാണു പരിശുദ്ധ പാത്രിയർക്കീസ് ഇന്ത്യയിൽ എത്തുന്നത്.
ഇതോടനുബന്ധിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത് ഓർത്തഡോക്സ് സഭ ആസ്ഥാനത്തിനു കൈമാറി. ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ സഭയിൽ സമാധാനത്തിനും ഒത്തുതീർപ്പിനും ചർച്ചകൾക്കു തങ്ങളുടെ വാതിലുകൾ തുറന്നു കിടക്കുകയാണെന്നാണു പാത്രിയാർക്കീസ് ബാവ അയച്ച കത്തിൽ പറയുന്നത്.
പുത്തൻകുരിശിൽ ചേർന്ന പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മസ്ക്കറ്റിലെത്തി പരിശുദ്ധ ബാവയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയായിരുന്നു. സന്ദർശനത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി തുടങ്ങിയവരുമായും ചർച്ചകൾ നടത്തും.
കേരളത്തിൽ വച്ചോ ഡൽഹിയിൽ വച്ചോ കാതോലിക്കാ ബാവയെ കാണാനുള്ള സന്നദ്ധതയാണ് പാത്രിയാർക്കീസ് അറിയിച്ചിരിക്കുന്നത്. നേരത്തേയും സഭയിൽ ഐക്യത്തിനുളള ശ്രമങ്ങൾ നടന്നിരുന്നു.
2017 പാത്രിയാർക്കീസിൽനിന്ന് ഇടപെടൽ ഉണ്ടായതിനെത്തുടർന്ന് സിനഡിൽ അവതരിപ്പിച്ച് ഓർത്തഡോക്സ് സഭയും സമാധാന ചർച്ചകൾക്ക് സമ്മതം അറിയിച്ചു. എന്നാൽ, ഓർത്തഡോക്സ് സഭയിലെ രണ്ടു മെത്രാപ്പോലീത്തമാർ ചർച്ചയ്ക്ക് എത്തിയിയെങ്കിലും കൂടുതൽ കാര്യങ്ങളിലേക്കു നീങ്ങിയില്ല. മലങ്കര സഭയിൽ സമാധാന ശ്രമങ്ങൾ ഊർജിതമാക്കാൻ പിന്തുണ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ കത്ത് അയച്ചിരുന്നു.
കേരളത്തിൽ വിവിധ പരിപാടികളാണ് പാത്രിയർക്കീസ് ബാവയ്ക്കുള്ളത്. കേരളത്തിലെ എപ്പിസ്കോപ്പൽ സഭാധ്യക്ഷനുമായി പരിശുദ്ധ ബാവ ചർച്ച നടത്തും. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ ബാവ വിശ്വാസികളെ അഭിസംബോധന ചെയ്യും. നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പാത്രിയർക്കിസ് ബാവായ്ക്ക് സഭയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകും.
മഞ്ഞനിക്കര പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടവും മലേക്കുരിശിൽ പുണ്യശ്ലോകനായ പൗലോസ് ദ്വിതീയൻ ബാവായുടെ കബറിടവും പാത്രിയർക്കീസ് ബാവ സന്ദർശിക്കും. പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ബാവ വിശുദ്ധ കുർബാനയർപ്പിക്കും. പുത്തൻകുരിശിൽ പാത്രിയർക്കീസ് ബാവയുടെ സാന്നിധ്യത്തിൽ സഭയുടെ പ്രാദേശിക എപ്പിസ്കോപ്പൽ സുന്നഹദോസും ഔദ്യോഗിക സമിതികളും ചേരും.
പാത്രിയർക്കീസ് ബാവയുടെ ഭാരതസന്ദർശനം നാളെ തുടങ്ങും
01:42 AM May 21, 2018 | Deepika.com