കണ്ണൂർ: ജീവനക്കാരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും സഹായകമായ പരിശീലനങ്ങൾ ഓഫീസുകൾ കേന്ദ്രീകരിച്ചു നടത്തണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെഎംസിഎസ്യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ വിവിധ പദ്ധതികളുണ്ടെങ്കിലും നഗരസഭയുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. നഗരസഭകളിലെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ വൈദഗ്ധ്യക്കുറവും കുറച്ചുപേരുടെ അഴിമതിയും നിഷേധാത്മക നിലപാടുമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും പ്രമേയത്തിലുണ്ട്. ഈ അവസ്ഥ പരിഹരിക്കപ്പെടണം. ഇത്രയും ആവശ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ പ്രമേയം ഭൂരിഭാഗവും സർക്കാർ സ്തുതിയാണ്. മുനിസിപ്പൽ, കോർപറേഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾ പ്രമേയത്തിൽ പരാമർശിച്ചുപോലുമില്ലെന്ന് സമ്മേളന പ്രതിനിധികൾ തന്നെ ആരോപിച്ചു.
ജനസൗഹൃദവും കാര്യക്ഷമവുമായ നഗരസഭാ സർവീസ് കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുക എന്ന ആമുഖത്തോടെയാണ് പ്രമേയം ആരംഭിക്കുന്നത്. തുടർന്ന് ഇടത് സർക്കാർ മന്ത്രിസഭാ വാർഷികാഘോഷവേളയിൽ അവകാശപ്പെട്ട നാടിന്റെ വികസനം, സിവിൽസർവീസ് മെച്ചപ്പെടുത്തൽ, നിയമന നിരോധനം പിൻവലിച്ച് പിഎസ്സി വഴി നിയമനം നടത്തിയതിന്റെ കണക്കുകളും എൽഎഡിഎഫ് സർക്കാർ നടപ്പാക്കിയെന്നവകാശപ്പെടുന്ന കാര്യങ്ങളുമാണ് പ്രമേയമായി അവതരിപ്പിക്കപ്പെട്ടത്.
തൊഴിൽ നൈപുണ്യ പരിശീലനം വേണം: കെഎംസിഎസ്യു
01:23 AM May 21, 2018 | Deepika.com