അമ്പലപ്പുഴ: വയറിളക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയ ഗൃഹനാഥന് മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് അറവുകാട് കറുത്താമഠം കോളനിയില്‍ രംഗനാഥന് (68) ആണ് മരിച്ചത്. രംഗനാഥന്റെ ഭാര്യ ശ്യാമള, മകന് രാജേഷ്, മരുമകള്‍ ആര്യ, ഇവരുടെ ഒന്നര വയസുള്ള മകള്‍ എന്നിവരെയാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജേഷിന്റെ മകള്‍ പത്തു വയസുകാരി വൈഗക്ക് കുഴപ്പമൊന്നുമില്ല.
ശനിയാഴ്ച ഉച്ചയോടെ വയറിളക്കത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രംഗനാഥന് ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചു. രാജേഷിന്റെയും, ആര്യയുടെയും മകളായ ഒന്നര വയസുകാരിയെ ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഇവിടെ കിടക്ക ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇവരെ നാലു പേരേയും ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വയറിളക്കം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല. മീന്‍ കറി കഴിച്ചതും, പുറത്തു നിന്നു വാങ്ങിയ ബജി കഴിച്ചതുമാകാം വയറിളക്കത്തിന് കാരണമെന്ന് പറയുന്നു.
രംഗനാഥന്റെ മരണകാരണം സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും സംശയം പ്രകടിപ്പിച്ചതിന്റെ പേരില്‍ വീട്ടിലെത്തിച്ച മൃതദേഹം പുന്നപ്ര എസ്ഐ ആര്. വിനുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് തയാറാക്കിയതിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വീട്ടിലുണ്ടായിരുന്ന മീന്‍കറിയും, ഭക്ഷ്യവസ്തുക്കളും ആരോഗ്യ വകുപ്പ് അധികൃതര്‍ വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജ് ലാബിലേക്ക് അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും, ലാബില്‍ നിന്നുള്ള പരിശോധനാ ഫലങ്ങളും ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാക്കാക്കാന് കഴിയൂ എന്ന് പുന്നപ്ര എസ്ഐ പറഞ്ഞു.
വയറിളക്കത്തെ തുടര്‍ന്നു ചികിത്സ തേടിയ ഗൃഹനാഥന് മരിച്ചു
01:06 AM May 21, 2018 | Deepika.com