തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂമാഹി പെരിങ്ങാടിയിലെ യു.സി. ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെറുകല്ലായി പുതിയപറമ്പത്ത് വീട്ടില്‍ ഷബിന് രവീന്ദ്രന് എന്ന ചിക്കു (28), ചെറുകല്ലായി മലയങ്കര വീട്ടില്‍ എം.എം. ഷാജി എന്ന മണ്ണട്ട ഷാജി (38), പള്ളൂര്‍ നാലുതറയിലെ നടയന്റവിട ലിജിന്‍ എന്ന ലിച്ചു (38) എന്നിവരെയാണ് എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്, എഎസ്ഐ അജയന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്, സുജേഷ്, ശ്രീജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.45 ന് ഒരു ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് വളഞ്ഞായിരുന്നു അറസ്റ്റ്. ചെറുകല്ലായിയിലെ വിജനമായ കുന്നിൻപുറത്തുനിന്നു കൊടുവാൾ കണ്ടെടുത്തു. അക്രമിസംഘം സഞ്ചരിച്ച ബൈക്ക് മാഹിയിലെ പുത്തലത്ത് ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തി. സംഭവസമയത്ത് പ്രതികൾ ധരിച്ചതായി കരുതപ്പെടുന്ന വസ്ത്രങ്ങൾ പ്രതികളുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു. മൂന്നു പ്രതികളും ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ് ഓടിയ ഷമേജിനെ ബൈക്കില്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തിയത് ലിജിനാണെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിനുശേഷം മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്ത് സ്വന്തം വീടുകളില്‍ വച്ചശേഷമാണ് ഒളിവില്‍ പോയത്. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ പ്രതികള്‍ വെള്ളിയാഴ്ചയാണ് വടകരയിലെത്തിയത്. രാത്രി ലോഡ്ജിൽ തങ്ങിയശേഷം പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് പോകാനായിരുന്നു പദ്ധതി. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ഇവരിൽനിന്നു പോലീസിനു വിവരം ലഭിച്ചു. ഷമേജ് കൊല്ലപ്പെട്ട് 19-ാം ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെന്ന് പോലീസ് സംശയിച്ചിരുന്ന സംഘത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 30 പേരുടെ ഫോണ്‍ കോളുകൾ നിരീക്ഷിച്ചാണ് പോലീസ് പ്രതികളുടെ നീക്കങ്ങള്‍ മനസിലാക്കിയത്. സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടയുടന്‍ പള്ളൂരില്നിന്നു ബൈക്കില്‍ പെരിങ്ങാടിയിലേക്കു പുറപ്പെട്ട രണ്ടു പേരേക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴിന് രാത്രിയാണ് ഷമേജ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് പള്ളൂരില്‍ സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട വിവരമറിഞ്ഞ് പെരിങ്ങാടി കൊമ്മോത്ത് പീടികയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങവേയായിരുന്നു അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഷമേജ് വധം: മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
02:15 AM May 20, 2018 | Deepika.com