കോഴിക്കോട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതിക്കാര്‍ക്കെതിരേ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. അഴിമതി നടത്തിയാല്‍ ഉള്ളജോലി നഷ്ടപ്പെടുന്നതിനു പുറമേ, സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടിയും വരുമെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനായി കോഴിക്കോട് കോര്‍പറേഷനില്‍ ആരംഭിച്ച ഓട്ടോമേറ്റഡ് ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര് (സുവേഗ) പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നിര്‍വഹിച്ചപ്പോഴാണ് അഴിമതിക്കാർക്ക് ജയിൽശിക്ഷ ലഭിക്കുമെന്ന് ആലങ്കാരികമായി മുഖ്യമന്ത്രി പറഞ്ഞത്.
അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ, എല്ലായിടത്തും അഴിമതി ഇല്ലാതായെന്നു പറയാനാകില്ല. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട അഴിമതി കുറഞ്ഞിട്ടുണ്ട്. പക്ഷേ, ഉദ്യോഗസ്ഥരുടെ അഴിമതിക്ക് പൂര്‍ണമായ പരിഹാരമായിട്ടില്ല. ഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ലവരാണെങ്കിലും ഒരു വിഭാഗം അന്തസില്ലാത്തവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കാരെ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിപ്പിക്കും: മുഖ്യമന്ത്രി
02:15 AM May 20, 2018 | Deepika.com