പോത്താനിക്കാട്: മഴയ്ക്കൊപ്പം ആഞ്ഞടിച്ച കനത്തകാറ്റിൽ വീടിനുമേൽ മരംവീണു കിടപ്പുരോഗിയായ വയോധിക മരിച്ചു. ചാത്തമറ്റം താണിച്ചുവട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ റാഹേൽ (80) ആണു മരിച്ചത്. റാഹേലിനൊപ്പം വീട്ടിലുണ്ടായിരുന്ന മകൻ ജോർജിനു (45) തലയിൽ ഇഷ്ടിക വീണു ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ചാത്തമറ്റം മേഖലയിലുണ്ടായ കാറ്റിൽ ആഞ്ഞിലിമരം വീടിനു മുകളിലേക്കു വീഴുകയായിരുന്നു. മരം വീണു വീടിന്റെ മേൽക്കൂര തകർന്നു. റാഹേലിനെ ഉടൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. 30 സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണു റാഹേലും മകൻ ജോർജും കഴിഞ്ഞിരുന്നത്. അവിവാഹിതനായ ജോർജും രോഗിയാണ്. സാറാമ്മ, ഏലിയാസ്, പരേതയായ മേരി, ബിനോയി എന്നിവാണു റാഹേലിന്റെ മറ്റു മക്കൾ.
വീടിനുമേൽ മരം വീണു രോഗിയായ വീട്ടമ്മ മരിച്ചു
12:45 AM May 17, 2018 | Deepika.com