കോട്ടയം: 131-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷം 19നു രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് 1.30 വരെ തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയിലെ ഫാ. ബർണാർദ് തോമാ നഗറിൽ നടക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദിനാഘോഷം ഉദ്ഘാടനം ചെയ്യും. മൂന്നൂറിൽപരം ഇടവകകളിലെ നാലു ലക്ഷത്തിലധികം വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുക്കും.
സാഗർ രൂപത ബിഷപ് മാർ ജയിംസ് അത്തിക്കളത്തിലിന് മാതൃരൂപതയുടെ സ്വീകരണം നൽകും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും. റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഖുഥ് ആ പ്രാർഥന നടത്തും. ഫാ. ഗ്രിഗറി ഓണംകുളം ഫാ. ബർണാർദ് തോമാ നഗറിനെ പരിചയപ്പെടുത്തും. മാർ ജയിംസ് അത്തിക്കളം സന്ദേശം നൽകും. തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. പത്തു കോടി രൂപ മുടക്കിയുള്ള ഭവനനിർമാണ പദ്ധതി മാർ ജോസഫ് പവ്വത്തിൽ സമർപ്പിക്കും. ആദരിക്കുന്ന അവാർഡ് ജേതാക്കളെ അതിരൂപത പിആർഒ ജോജി ചിറയിൽ പരിചയപ്പെടുത്തും. ചടങ്ങിൽ ഇവർക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യും. മാർ ജോസഫ് പെരുന്തോട്ടം അതിരൂപതാതല പ്രഖ്യാപനങ്ങൾ നടത്തും. റവ.ഡോ. ഐസക് ആലഞ്ചേരി പത്രികാ പാരായണവും ഫാ. ജോസ് മുകളേൽ കൃതജ്ഞതയും അർപ്പിക്കും. പരിസ്ഥിതി സൗഹൃദ ഇടവക പ്രചാരണത്തിന്റെ ഭാഗമായി എല്ലാ ഇടവകകൾക്കും നാട്ടുമാവ് തൈ വിതരണം ചെയ്യും.
രാവിലെ 8.30നു എക്സിബിഷൻ, ഒന്പതിനു രജിസ്ട്രേഷൻ, 9.15ന ഗാനശുശ്രൂഷ, 9.20നു അതിഥികൾക്ക് സ്വീകരണം. 9.30നു പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി പതാക ഉയർത്തും. 1.30നു സ്നേഹവിരുന്നോടെ സമാപിക്കും. യുവജന വർഷം പ്രമാണിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവപ്രതിഭകളെ ആദരിക്കും.
പത്രസമ്മേളനത്തിൽ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. ഗ്രിഗറി ഓണംകുളം, ഫാ. ജോസ് മുകളേൽ, ജോജി ചിറയിൽ, ഡോ. സോണി കണ്ടങ്കരി, പ്രിൻസ് പാലാത്ര, സോജൻ ഇടയ്ക്കാട്ട് എന്നിവർ പങ്കെടുത്തു.
ദീപശിഖാ പ്രയാണം 18ന്
കോട്ടയം: ചങ്ങനാശേരി അതിരൂപത ദിനാചരണത്തിന്റെ ഭാഗമായി 18നു ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽനിന്നും തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയിലേക്ക് ദീപശിഖാ-ഛായാചിത്ര പ്രയാണം നടക്കും. 3.30നു മെത്രാപ്പോലീത്തൻ പള്ളിയിലെ പിതാക്കന്മാരുടെ കബറിടത്തിങ്കൽ പ്രാർഥനയ്ക്ക് കത്തീഡ്രൽ വികാരി ഫാ. കുര്യൻ പുത്തൻപുര നേതൃത്വം നൽകും.
ദീപശിഖ-ഛായാചിത്ര പ്രയാണം വികാരി ജനറാൾ റവ.ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് യുവദീപ്തി അതിരൂപത പ്രസിഡന്റ് ഷിജോ മാത്യുവിനു ദീപശിഖ കൈമാറും. സൈക്കിൾ റാലിയുടെ അകന്പടിയോടെ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും ഫാ. ബർണാർദ് തോമായുടെയും ചിത്രങ്ങൾ രഥത്തിൽ തുരുത്തിയിലേക്കു സംവഹിക്കും. തുരുത്തി പള്ളിയിൽ മാർ തോമസ് തറയിൽ സന്ദേശം നൽകും. സായാഹ്നപ്രാർഥനയ്ക്ക് റവ.ഡോ. ജെയിംസ് പാലയ്ക്കൽ നേതൃത്വം നൽകും. റവ.ഡോ. ഫിലിപ്സ് വടക്കേക്കളം വചനപ്രഘോഷണം നടത്തും.
ചങ്ങനാശേരി അതിരൂപത ദിനാഘോഷം 19ന് തുരുത്തിയിൽ
12:15 AM May 17, 2018 | Deepika.com