കട്ടപ്പന: കർഷകർ സംഘടിച്ചു ശക്തരാകാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് രണ്ടിന് കാസർഗോഡുനിന്നും ആരംഭിച്ച കേരള കർഷകജാഥയുടെ ഇടുക്കി സോണിലെ പര്യടന സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം കട്ടപ്പന മുനിസിപ്പൽ മിനിസ്റ്റേഡിയത്തിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോണ്‍ നെല്ലിക്കുന്നേൽ.ജാഥയുടെ കാഞ്ഞിരപ്പള്ളി സോണിലെ പര്യടനത്തിന്റെ തുടക്കംകുറിച്ചുള്ള സമ്മേളനവുമായിരുന്നു ഇത്.
ഇടുക്കി ജില്ലയുടെ നട്ടെല്ല് കാർഷികമേഖലയാണ്. പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ സംഘടിച്ചു ശക്തരാകണം. കർഷകർ സംഘടിത ചൂഷണത്തിനു വിധേയരാവുകയാണ്. കാർഷിക മേഖലയെ ശക്തിപ്പെടുത്തി വ്യവസായിക, സാങ്കേതിക, സർവീസ് മേഖലയിൽ ശക്തരാകുവാൻ കഴിയണം.
കർഷകരുടെ അഭിവൃദ്ധിക്കായി എന്നും നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ദീപികയെക്കുറിച്ചും ദീപിക നടത്തുന്ന കർഷകജാഥപോലെയുള്ള മുന്നേറ്റങ്ങളേക്കുറിച്ചും അവബോധമുണ്ടാകണമെന്നും മാർ ജോണ്‍ നെല്ലിക്കുന്നേൽ പറഞ്ഞു.
ഇടുക്കി രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി അഭിഷിക്തനായശേഷം ആദ്യമായി കട്ടപ്പനയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്താണ് മാർ നെല്ലിക്കുന്നേൽ കാർഷിക മേഖലയോടുള്ള നയം വ്യക്തമാക്കിയത്. വളരെ കാലികപ്രാധാന്യമുള്ള വിഷയം എന്നനിലയിൽ കർഷകജാഥ സംഘടിപ്പിക്കാൻ നേതൃത്വംനൽകിയ ദീപികയേയും ദീപിക ഫ്രണ്ട്സ് ക്ലബിനേയും അദ്ദേഹം അഭിനന്ദിച്ചു.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തി. ദീപിക എന്നും കർഷകനുവേണ്ടിയും ശബ്ദമില്ലാത്ത അസംഘടിതർക്കുവേണ്ടിയും നിലകൊള്ളുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കർഷകർ സംഘടിക്കാനും അവകാശങ്ങൾ നേടിയെടുക്കാനുമുള്ള വേദിയാണ് ദീപിക ഫ്രണ്ട്സ് ക്ലബെന്നും ചീഫ് എഡിറ്റർ പറഞ്ഞു.
ദീപികയുടെ ഹൈറേഞ്ചിലെ ആദ്യകാല ഏജന്റും ഓഫീസ് അസിസ്റ്റന്റുമായിരുന്ന മാത്യു സെബാസ്റ്റ്യൻ തോണിക്കുഴിയെ (തോണിക്കുഴി പാപ്പച്ചൻ) ചീഫ് എഡിറ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.
ഡിഎഫ്സി കട്ടപ്പന റീജിയൻ ഡയറക്ടർ ഫാ. ജേക്കബ് ചാത്തനാട്ട് അധ്യക്ഷതവഹിച്ചു. ഡിഎഫ്സി ഇടുക്കി സോണ്‍ കോ-ഓർഡിനേറ്റർ ഫാ. ജിൻസ് കാരക്കാട്ട്, റോഷി അഗസ്റ്റിൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ മനോജ് എം. തോമസ്, കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഡിഎഫ്സി ഇടുക്കി സോണ്‍ പ്രസിഡന്റ് ജയിംസ് മ്ലാക്കുഴി, കാഞ്ഞിരപ്പള്ളി സോണ്‍ പ്രസിഡന്റ് റെനി ചക്കാലയിൽ, എകെസിസി ഗ്ലോബൽ സെക്രട്ടറി ജോർജ് കോയിക്കൽ, ഡിഎഫ്സി കട്ടപ്പന റീജിയൻ കോ-ഓർഡിനേറ്റർ സോണി ജോസഫ് ഈഴാറാകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ജാഥാക്യാപ്റ്റൻ ഡോ. സണ്ണി വി. സക്കറിയ മറുപടിപ്രസംഗം നടത്തി.സംസ്ഥാന അവാർഡ് ജേതാവായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ടി. തോമസ്, മികച്ച കർഷക അവാർഡ് ജേതാവ് സാബു പ്ലാത്തോട്ടം എന്നിവരെ റോഷി അഗസ്റ്റിൻ എംഎൽഎ ചടങ്ങിൽ ആദരിച്ചു.
കർഷകർ സംഘടിച്ചു ശക്തരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
01:38 AM May 16, 2018 | Deepika.com