കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തൻ കോഴ്സുകളും സാധ്യതകളും അടുത്തറിയാൻ ദീപിക വേദിയൊരുക്കുന്നു. ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ദീപിക എഡ്യൂക്കേഷണൽ ഫെയർ ബ്രൈറ്റ് പാത്ത് കോട്ടയം, കട്ടപ്പന, എറണാകുളം എന്നിവിടങ്ങളിൽ നടക്കും. മേയ് മൂന്നിനു കോട്ടയം കെപിഎസ് മേനോൻ ഹാളിലും മേയ് അഞ്ചിനു കട്ടപ്പന സെന്റ് ജോർജ് ഫൊറോന പാരീഷ് ഹാളിലും മേയ് എട്ടിന് എറണാകുളം കലൂർ റിനൈ ഈവന്റ് ഹബിലുമാണ് ഫെയർ നടക്കുന്നത്.
രാവിലെ 9.30മുതൽ വൈകുന്നേരം നാലു വരെയാണ് ഫെയർ. ഉന്നത വിദ്യാഭ്യാസത്തിന്റെ വാതായനങ്ങൾ തുറന്നിടുന്ന എഡ്യുക്കേഷൻ ഫെയറിൽ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇതിനോടകം നൂറുകണക്കിനു കുട്ടികളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രമുഖ കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമനാണു കരിയർ ശില്പശാല നയിക്കുന്നത്. പ്രധാന കരിയർ ട്രെൻഡുകൾ, കരിയർ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കരിയർ ആസൂത്രണത്തിനുള്ള ടിപ്പുകൾ, പ്രധാനപ്പെട്ട പ്രഫഷണൽ കോഴ്സുകളും ഇന്റഗ്രേറ്റഡ് കോഴ്സുകളും സംബന്ധിച്ചുള്ള വിവരങ്ങൾ, എൻട്രൻസ് പരീക്ഷാ തയാറെടുപ്പുകൾ, എൻജനിയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസം സംബന്ധിച്ച അവബോധനം, ജോബ് മാർക്കറ്റ് മൂല്യങ്ങൾ സംബന്ധിച്ച ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിൽ ഡോ.പി.ആർ. വെങ്കിട്ടരാമൻ വിദ്യാർഥികളുമായി സംവദിക്കും.
ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഒന്നാം നിര എൻജിനിയറിംഗ്, എംസിഎ, ഹോട്ടൽ മാനേജ്മെന്റ് കോളജുകളുടെയും സാന്നിധ്യം ഫെയറിലുണ്ടായിരിക്കും. പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കോളജുകളെക്കുറിച്ചുള്ള ഡിജിറ്റൽ പ്രസന്റേഷൻ, കരിയർ ശില്പശാല, കരിയർ കൗണ്സലിംഗ്, കോളജ് മേധാവികളെ നേരിട്ടു കാണാനുള്ള അവസരം, സ്പോട്ട് അഡ്മിഷൻ എന്നിവയും ഉണ്ടായിരിക്കും. തൊഴിൽ സാധ്യത അടുത്തറിയാൻ വിദഗ്ധരുടെ സേവനവുമുണ്ടായിരക്കും. ഡിഎഫ്സി യൂണിറ്റുകൾ വഴിയോ ദീപികയുടെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിലോ സബ് ഓഫീസുകളിലോ പേര് രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യം. പ്ലസ്ടു ഫലം കാത്തിരിക്കുന്നവർക്കും എൻട്രൻസ് പരിശീലിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 9349599111,9349599070.
ദീപിക ബ്രൈറ്റ് പാത്ത് വിദ്യാഭ്യാസമേള കോട്ടയത്തും കട്ടപ്പനയിലും എറണാകുളത്തും
02:25 AM Apr 27, 2018 | Deepika.com