കണ്ണൂർ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള കർഷക ജാഥ പ്രശസ്ത പരിസ്ഥിതി-സാമൂഹിക പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യും. കർഷക ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്കു പിന്തുണ സമാഹരിക്കുന്നതിനു നടത്തുന്ന ഒരു കോടി ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നാളെ നിർവഹിക്കും.
കർഷകർ അഭിമുഖീകരിക്കുന്ന അതിസങ്കീർണമായ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ജനമനസാക്ഷിക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കർഷക ജാഥ സംഘടിപ്പിക്കുന്നത്.
കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച കർഷകൻ കാസർഗോഡ് ജില്ലയിലെ ആനമഞ്ഞളിയിലെ മാടത്താനിയിൽ ജോസിന്റെ കബറിടത്തിൽ നിന്ന് മേയ് രണ്ടിനാണ് ജാഥയ്ക്കു തിരിതെളിക്കുന്നത്. തുടർന്ന് മാലോത്തു ചേരുന്ന സമ്മേളനത്തിൽ ദയാബായി ജാഥയുടെ ഉദ്ഘാടനം നിർവഹിക്കും. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷതവഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് സണ്ണി സഖറിയ തുടങ്ങിയവർ പ്രസംഗിക്കും.
ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നാളെ 9.30ന് രാവിലെ മണക്കടവിൽ മണ്ണുകൊണ്ട് വിരലടയാളം പതിച്ചായിരിക്കും മാർ ജോർജ് ഞരളക്കാട്ട് നിർവഹിക്കുക. ഞായറാഴ്ച എല്ലാ പ്രദേശങ്ങളിലും ഒപ്പുശേഖരണത്തിന് വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നതെന്ന് ഡിഎഫ്സി ഭാരവാഹികൾ അറിയിച്ചു. നിരവധി സാമൂഹിക-സാസംകാരിക-സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും വ്യാപാരി വ്യവസായി സംഘടനകളും ഒപ്പുശേഖരണത്തിൽ പങ്കാളികളാകും. പ്രത്യേകം തയാറാക്കിയിരിക്കുന്ന ബുക്ക്ലറ്റുകളിലാണ് ഒപ്പുശേഖരണം നടത്തുന്നത്. ഈ ബുക്ക്ലറ്റുകൾ കർഷക ജാഥയുടെ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങും. തുടർന്ന് ജാഥയുടെ സമാപനത്തോടനുബന്ധിച്ചു മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും നൽകുന്ന നിവേദനത്തോടൊപ്പം സമർപ്പിക്കുകയും ചെയ്യും.
കേരള കർഷകജാഥ ദയാബായി ഉദ്ഘാടനം ചെയ്യും
02:25 AM Apr 27, 2018 | Deepika.com