കൊല്ലം: അയൽരാഷ്ട്രമായ നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനവും അവർ അധികാരത്തിൽ വന്നതും സന്തോഷം നൽകുന്നതും അതിനപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിനൊരു ചൂണ്ടുപലക കൂടിയാണെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുരാജഭരണത്തിൽ നിന്ന് നേപ്പാളിനെ റിപ്പബ്ലിക് ആക്കി മാറ്റാൻ മിന്നുന്ന വിജയത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു. സിപിഐ പാർട്ടി കോൺഗ്രസിൽ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു യെച്ചൂരി.
ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളുടെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും യോജിച്ച നിര വേണമെന്നാണ് സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ ഇതിനു കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്നില്ല.
പൊതുവായ വിഷയങ്ങളിൽ പാർലമെന്റിൽ അടക്കം യോജിച്ച് പ്രവർത്തിക്കാനാകും. ജാതിമത ശക്തികളെ ചെറുക്കുന്നതിന് പാർലമെന്റിന് പുറത്ത് എല്ലാ മതനിരപേക്ഷ കക്ഷികളുമായി വിശാലമായ അടിസ്ഥാനത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ വിജയവും ലയനവും ചൂണ്ടുപലക: യെച്ചൂരി
02:16 AM Apr 27, 2018 | Deepika.com