കൊച്ചി : പൊതുപ്രവർത്തകർ ഉൾപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകൾ ലോകായുക്തയിൽ തീർപ്പാകാതെ കിടക്കുന്നത് അവരെ പ്രതികൂലമായി ബാധിക്കുമെന്നും ഇവരുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ ലോകായുക്തയിലുള്ള കേസ് അനിശ്ചിതമായി വൈകുന്നതിനെതിരെ ഒല്ലൂർ മുൻ എംഎൽഎ എം.പി. വിൻസെന്റ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഹർജിക്കാരനെതിരേ 2014 ൽ നൽകിയ കേസാണ് നിലവിലുള്ളത്. പാലക്കാട് എസ്പിയുടെ അന്വേഷണത്തിൽ കേസുമായി തനിക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയെന്നും കേസ് തീർപ്പാക്കാതെ വൈകുന്നത് പ്രതികൂലമായി ബാധിക്കുന്നെന്നുമാണ് വിൻസെന്റിന്റെ ഹർജിയിൽ പറയുന്നത്. 2014 ലെ പരാതിയാണെങ്കിലും കഴിഞ്ഞ മാർച്ച് ഏഴിനാണ് റിപ്പോർട്ട് ലോകായുക്തയ്ക്ക് സമർപ്പിച്ചതെന്ന് ഹൈക്കോടതി വിലയിരുത്തി.
ചില കക്ഷികൾ ഹാജരാകാൻ വൈകിയതടക്കമുള്ള കാരണങ്ങളാലാണ് കേസ് നടപടികൾ വൈകിയത്. ഇതൊരു കാരണമാണെങ്കിലും പൊതുപ്രവർത്തകർ ഉൾപ്പെട്ട കേസുകൾ അനിശ്ചിതമായി വൈകുന്നത് അവരെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊതുപ്രവർത്തകർ ഉൾപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണം: ഹൈക്കോടതി
01:52 AM Apr 27, 2018 | Deepika.com