തിരുവനന്തപുരം: പഞ്ചായത്തീരാജ് കാൽ നൂറ്റാണ്ട് ആഘോഷപരിപാടികളുടെ ഭാഗമായി 2017-18 ൽ പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നിശ്ചയിച്ചപ്പോൾ അതിൽ നിന്ന് എറണാകുളം ജില്ലാ പഞ്ചായത്തിനെ ഒഴിവാക്കിയ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാർച്ച് 31 നുള്ളിൽ പദ്ധതി വിഹിതം ചെലവഴിച്ച് ഒന്നാം സ്ഥാനത്ത് എത്തിയത് എറണാകുളം ജില്ലാ പഞ്ചായത്താണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും അതു വ്യക്തവുമാണ്. എന്നാൽ, 84.93 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് ഒന്നാം സ്ഥാനത്തെത്തിയ എറണാകുളം ജില്ലാ പഞ്ചായത്തിനെ തഴഞ്ഞ് 79.56 ശതമാനം മാത്രം ചെലവഴിച്ച് നാലാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനാണ് പുരസ്കാരം നൽകിയത്. ക്യു ലിസ്റ്റിൽ തിരുവനന്തപുരമാണ് ഒന്നാമത് എന്ന വിചിത്രമായ വാദമാണ് പഞ്ചായത്ത് വകുപ്പ് ഇക്കാര്യത്തിൽ ഉയർത്തുന്നത്.
മികച്ച പ്രകടനം കാഴ്ചവച്ച എറണാകുളം ജില്ലാ പഞ്ചായത്തിനെ സാങ്കേതിക കാരണങ്ങൾ നിരത്തി പുരസ്കാരം നൽകാതിരുന്നത് അതു യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായതു കൊണ്ടാണ്. ഇത്തരം രാഷ്ട്രീയ പക്ഷപാതിത്വങ്ങൾ ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്നും തദ്ദേശ സ്വയംഭരണ മന്ത്രി ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പഞ്ചായത്തിനു പുരസ്കാരം നിഷേധിച്ച നടപടി അന്വേഷിക്കണം: ചെന്നിത്തല
01:49 AM Apr 26, 2018 | Deepika.com