മങ്കൊമ്പ്: മകനൊപ്പം ബൈക്കില്‍ പിന്നിലിരുന്ന് സഞ്ചരിക്കവെ കുടിവെള്ള വാഹനത്തിനു പിന്നില്‍ ബൈക്കിടിച്ച് പ്രവാസി മരിച്ചു. മുട്ടാര്‍ മിത്രക്കരി നടുവിലേപ്പറമ്പില്‍ പ്രതാപ് കുമാര്‍ (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് കാര്‍ത്തിക്ക് (22)നെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മുട്ടാര്‍ ഗരുഡാകരി ഷാപ്പിനു സമീപമുള്ള വളവില്വച്ചായിരുന്നു അപകടം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: മകനൊപ്പം വില്ലേജ് ഓഫീസില്‍ പോയി ബൈക്കില്‍ മടങ്ങുംവഴി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കുടിവെള്ള വിതരണ വാഹനത്തെ മറികടക്കുന്നതിനിടെ ഈ വാഹനം പെട്ടെന്ന് മുന്നോട്ടെടുക്കുകയും പ്രതാപന് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ പ്രതാപന്റെ തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇയാളെ ആദ്യം ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലായിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രതാപന് അമ്മയുടെ ചികിത്സയ്ക്കായി അവധിക്കു നാട്ടിലെത്തിയതാണ്. അടുത്തമാസം തിരികെ പോകാനിരിക്കെയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്വച്ച് മുമ്പും കാര്‍ത്തിക്ക് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ കേസിന്റെ ആവശ്യങ്ങള്‍ക്കായി വില്ലേജില്‍നിന്നും കരമടച്ച് രസീതു വാങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. ഭാര്യ: ആശ. ചന്ദ്രുവാണ് ഇളയമകന്.
മകനൊപ്പം സഞ്ചരിക്കവേ ബൈക്കപകടത്തില്‍ പ്രവാസി മരിച്ചു
12:13 AM Apr 26, 2018 | Deepika.com