കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനു ഭീഷണിക്കത്ത്. പോലീസിനെതിരായ പരാതിയിൽനിന്നു പിന്മാറണമെന്നും ഇല്ലെങ്കിൽ രണ്ടാമത്തെ മകനും ശ്രീജിത്തിന്റെ അനുഭവമുണ്ടാകുമെന്നും കത്തിൽ പറയുന്നു.
ആറ്റിങ്ങൽ റൂറൽ എസ്പിയുടെ ഷാഡോ സംഘത്തിന്റെ പേരിൽ അയച്ച കത്തിൽ അമ്മ ശ്യാമള, ഭാര്യ അഖില, സഹോദരൻ സജിത്ത് എന്നിവരെയാണു സംബോധന ചെയ്തിരിക്കുന്നത്.
എന്തു ഭീഷണി വന്നാലും കേസിൽനിന്നു പിന്മാറില്ലെന്നും ഭീഷണിക്കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി ആലോചിച്ചശേഷം പരാതി നൽകുമെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു.
കൃത്യമായ മേൽവിലാസം വച്ചുവന്ന കത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയമുയർന്നിട്ടുണ്ട്. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നു കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
ശ്രീജിത്തിന്റെ കുടുംബത്തിനു ഭീഷണിക്കത്ത്
02:13 AM Apr 25, 2018 | Deepika.com